ഹോളിവുഡ് താരം റാക്വൽ വെൽഷ് അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: വിഖ്യാത ഹോളിവുഡ് നടി റാക്വൽ വെൽഷ് (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സിനിമ, ടെലിവിഷൻ, തിയറ്റർ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയ അവർ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം രണ്ടുതവണ നേടിയിട്ടുണ്ട്.
1974ൽ ‘ദി ത്രീ മസ്കറ്റിയേസ്’ സിനിമയിലെയും 1987ൽ ‘റൈറ്റ് ടു ഡൈ’ ടെലിവിഷൻ ഡ്രാമയിലെയും പ്രകടനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ഫന്റാസ്റ്റിക് വോയേജ്, വൺ മില്യൻ ഇയേഴ്സ് ബി.സി, ഹാനി കൗൾഡർ, 100 റൈഫിൾസ്, ബൻഡോലേറോ, ബെഡാസ്ലെഡ് തുടങ്ങിയ സിനിമകളും ദി ഹോളിവുഡ് പാലസ്, അമേരിക്കൻ ഫാമിലി, സി.എസ്.ഐ മിയാമി തുടങ്ങി ടി.വി സീരീസും വുമൺ ഓഫ് ദി ഇയർ, ദി മില്ല്യനയേഴ്സ് തുടങ്ങി നാടകങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്.
സൗന്ദര്യ മത്സരവേദികളിലും ശ്രദ്ധയും അംഗീകാരങ്ങളും നേടി. 1964 മുതൽ 2017 വരെ നീണ്ട കരിയറിൽ നൂറുകണക്കിന് സിനിമകളിലും ടി.വി പരമ്പരകളിലും നാടകങ്ങളിലുമാണ് അവർ അഭിനയിച്ചത്. ഒരു കാലത്തെ ബാലതാരവും ഹോളിവുഡ് നിർമാതാവുമെല്ലാമായ പാട്രിക് കർട്ടിസിനെയാണ് വിവാഹം ചെയ്തത്.

