അവർ തിരിച്ച് വരുന്നു; വനിത ദിനത്തിൽ റീ റിലിസിനൊരുങ്ങി കിടിലൻ ചിത്രങ്ങൾ
text_fieldsമാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പി.വി.ആർ ഐനോക്‌സിന്റെ ചലച്ചിത്രമേളയുടെ ഭാഗമായി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളായ ഹൈവേ, ക്വീൻ, ഫാഷൻ എന്നിവ റീ റിലിസ് ചെയ്യും. മാർച്ച് ഏഴ് മുതൽ മാർച്ച് 13 വരെയാണ് മേള നടക്കുന്നത്.
മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'ഫാഷൻ'. പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത് , മുഗ്ധ ഗോഡ്‌സെ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മേഘ്‌ന മാത്തൂർ എന്ന ഫാഷൻ മോഡലിന്‍റെ കഥയാണ്. ചെറിയ പട്ടണത്തിലെ പെൺകുട്ടിയിൽ നിന്ന് സൂപ്പർ മോഡലിലേക്കുള്ള അവളുടെ പരിവർത്തനം, ഇന്ത്യൻ ഫാഷൻ വ്യവസായം, മറ്റ് മോഡലുകളുടെ കരിയർ എന്നിവയിലൂടെയാണ് കഥ വികസിക്കുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിന്‍റെ സഹനിർമാതാവ്. 56-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടി ( പ്രിയങ്ക ചോപ്ര), മികച്ച സഹനടി (കങ്കണ റണാവത്ത്) എന്നീ അവാർഡുകൾ ഫാഷന് ലഭിച്ചു.
വികാസ് ബഹൽ സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് , വിക്രമാദിത്യ മോട്‌വാനെ, മധു മന്തേന എന്നിവർ ചേർന്ന് നിർമിച്ച ഹിന്ദി കോമഡി-ഡ്രാമ ചിത്രമാണ് 'ക്വീൻ'. 2014-ൽ ഇറങ്ങിയ ചിത്രത്തിൽ കങ്കണ റണാവത്താണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലിസ ഹെയ്ഡനും രാജ്കുമാർ റാവുവും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യൂഡൽഹിയിൽ നിന്നുള്ള റാണി മെഹ്‌റ എന്ന പഞ്ചാബി പെൺകുട്ടി തന്റെ പ്രതിശ്രുത വരനുമായുള്ള വിവാഹം ഉപേക്ഷിച്ചതിനെത്തുടർന്ന് പാരീസിലേക്ക് വരുന്ന കഥയാണ് ക്വീൻ. നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം 60-ാമത് ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിൽ 13 നോമിനേഷനുകൾ നേടുകയും മികച്ച ചിത്രം , മികച്ച സംവിധായകൻ (ബാൽ), മികച്ച നടി (കങ്കണ റണാവത്ത്) എന്നിവയുൾപ്പെടെ ആറ് പ്രധാന അവാർഡുകൾ നേടുകയും ചെയ്തു.
2014-ൽ ഇറങ്ങിയ ഹിന്ദി റോഡ് ഡ്രാമ ചിത്രമാണ് 'ഹൈവേ'. ഇംതിയാസ് അലി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സാജിദ് നദിയാദ്‌വാലയാണ് നിർമിച്ചത്. ആലിയ ഭട്ടും രൺദീപ് ഹൂഡയും അഭിനയിക്കുന്ന ചിത്രം 2014 ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ആദിത്യ ശ്രീവാസ്തവയും കാർത്തിക റാണെയും അഭിനയിച്ച സീ ടിവി ആന്തോളജി പരമ്പരയായ റിഷ്ടേയിലെ അതേ പേരിലുള്ള എപ്പിസോഡിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിന് ശേഷം സ്വാതന്ത്ര്യം കണ്ടെത്തുന്ന ഒരു യുവതിയുടെ കഥയാണ് ഇത് പറയുന്നത്. 60-ാമത് ഫിലിംഫെയർ അവാർഡുകളിൽ ഹൈവേക്ക് മികച്ച നടി (ആലിയ ഭട്ട്), മികച്ച കഥ (ഇംതിയാസ് അലി) എന്നിവയുൾപ്പെടെ ഒൻപത് നോമിനേഷനുകൾ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

