വിവാദമായ 'ഹാൽ' സിനിമ ഹൈകോടതി കാണും
text_fields'ഹാൽ' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
കൊച്ചി: വിവാദമായ 'ഹാൽ' സിനിമ ശനിയാഴ്ച ഹൈകോടതി കാണും. വൈകിട്ട് ഏഴ് മണിക്ക് കാക്കനാടുള്ള പടമുകൾ കളർ പ്ലാനറ്റിലാണ് ജസ്റ്റിസ് വി.ജി അരുൺ സിനിമ കാണുക. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കം വെട്ടി മാറ്റാൻ നിർദേശിച്ച് സെൻസർ ബോർഡ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ‘ഹാൽ’ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹരജി പരിഗണിച്ച ഹൈകോടതിയാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കുന്നത് സിനിമയെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
പ്രദർശനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിനിമ കാണാൻ ഹൈകോടതി തയ്യാറായത്. പ്രവർത്തി ദിവസങ്ങൾ അല്ലാതെ ശനി, ഞായർ ദിവസങ്ങളിൽ പ്രദർശനം സംഘടിപ്പിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. പിന്നീട് ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കാമെന്നും ഹരജിക്കാരുടെയും ഹരജി എതിർക്കുന്നവരുടെയും അഭിഭാഷകരും പ്രദർശനത്തിനുണ്ടാകുമെന്നും കോടതി പറഞ്ഞു.
നേരത്തെ സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീൺ നാരായണൻ നിർമിച്ച ജെ.എസ്.കെ: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലും സെൻസർ ബോർഡ് ചില രംഗങ്ങൾ വെട്ടിമാറ്റാൻ നിർദേശിച്ചിരുന്നു. ഇതിനെതിരെ നിർമാതാക്കൾ നൽകിയ ഹരജി പരിഗണിച്ച കോടതി സിനിമ കണ്ടിരുന്നു.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാൽ. ഷെയിൻ നിഗത്തിനെ നായക കഥാപാത്രമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

