Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ദി കേരള സ്റ്റോറി’...

‘ദി കേരള സ്റ്റോറി’ മുതൽ ‘പി.എം നരേന്ദ്ര മോദി’ വരെ; ഒളിച്ചുകടത്തുന്ന ആർ.എസ്.എസ് അജണ്ട

text_fields
bookmark_border
‘ദി കേരള സ്റ്റോറി’ മുതൽ ‘പി.എം നരേന്ദ്ര മോദി’ വരെ; ഒളിച്ചുകടത്തുന്ന ആർ.എസ്.എസ് അജണ്ട
cancel

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി ദി ക്വിന്റ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട്. 'ദി കേരള സ്റ്റോറി' ഉൾപ്പെടെയുള്ള വിവാദ സിനിമകളുടെ നിർമാതാക്കളും സംവിധായകരും ബി.ജെ.പി, ആർ.എസ്.എസ് അല്ലെങ്കിൽ തീവ്ര ഹിന്ദുത്വ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് റിപ്പോർട്ട് പറയുന്നു.

ദി കേരള സ്റ്റോറി, ദി കേരള സ്റ്റോറി 2 എന്നിവയുടെ നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷാ 2023ൽ ബാങ്കോക്കിൽ നടന്ന വേൾഡ് ഹിന്ദു കോൺഗ്രസിൽ നടത്തിയ പ്രസംഗം ഇതിന് തെളിവായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ആർ.എസ്.എസിന്റെ പിന്തുണയും മാർഗനിർദേശവും ഇല്ലാതെ ഞങ്ങൾക്ക് ഈ സിനിമ ചെയ്യാനാകുമായിരുന്നില്ല. അവർ ഞങ്ങളുടെ കാവൽ മാലാഖമാരാണ്’ എന്നായിരുന്നു ഷായുടെ വാക്കുകൾ. തന്റെ സിനിമക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകൾക്ക് വിരുദ്ധമാണിത്. കൂടാതെ കേരള സ്റ്റോറി 2ന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്, ആർ.എസ്.എസ് മുംബൈ വിഭാഗ് സംഘചാലകായ രവീന്ദ്ര സംഘ്‌വി നിർമിച്ച ഡോക്യുമെന്ററിയുടെയും ഭാഗമായിരുന്നു. മുസ്ലിം ജനസംഖ്യയെക്കുറിച്ച് അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നതായിരുന്നു ഈ ഡോക്യുമെന്ററി.

വിപുൽ ഷാ നിർമിച്ച 'ബസ്തർ: ദി നക്സൽ സ്റ്റോറി' എന്ന ചിത്രവും സമാനമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ആർഷ വിദ്യാ സമാജം' എന്ന ഹിന്ദുത്വ സംഘടനക്ക് 2023ൽ വിപുൽ ഷാ ഒരു കോടി രൂപ സംഭാവന നൽകിയതായും റിപ്പോർട്ടുകളുണ്ട്. മതം മാറ്റപ്പെട്ട ഹിന്ദു യുവതികളെ രക്ഷിച്ചെടുക്കുന്നു എന്നാണ് ഈ സംഘടന അവകാശപ്പെടുന്നത്. സിനിമകളെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമാകുമ്പോൾ, ബി.ജെ.പി നേതാക്കളുമായും അനുഭാവികളുമായും നേരിട്ട് ബന്ധമുള്ള സിനിമകളും കണ്ടില്ലെന്ന് നടിക്കരുത്.

നിസാം ഭരണകാലത്ത് രസാക്കർ അർദ്ധസൈനിക വിഭാഗം നടത്തിയ അതിക്രമങ്ങളെ പ്രമേയമാക്കി 2024ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രസാക്കർ. ഈ സിനിമയുടെ നിർമാതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ്. ഇദ്ദേഹം തെലങ്കാന ബി.ജെ.പിയിലെ പ്രമുഖ നേതാവാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭോംഗിറിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവർക്കറിന്‍റെ നിർമാതാവായ ആനന്ദ് പണ്ഡിറ്റ്, മഹാരാഷ്ട്ര ബി.ജെ.പിയുടെ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. ബി.ജെ.പി ബന്ധമുള്ള മറ്റ് സിനിമകളിലും ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് ഒബ്‌റോയി നായകനായി അഭിനയിച്ച ബയോപിക് ആണ് പി.എം നരേന്ദ്ര മോദി. ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് ആനന്ദ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ്' ആണ് ചിത്രം നിർമിച്ചത്. ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഹിതു കനോഡിയയാണ്. അദ്ദേഹത്തിന്റെ പിതാവും അമ്മാവനും ബി.ജെ.പി നേതാക്കളാണ്. ബി.ജെ.പി അനുഭാവിയായ ബി.ജെ. പുരോഹിതാണ് ഈ ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ സംവിധായകനായ എം.കെ. ശിവക്ഷ് ഇതിനുമുമ്പും ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ വിവിധ പ്രോജക്റ്റുകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

ബംഗാൾ 1947 എന്ന ചിത്രത്തിന്റെ സംവിധായകൻ ആകാശാദിത്യ ലാമയാണ്. ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്ന 'ഭാരതീയ ചിത്ര സാധന' എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും അദ്ദേഹത്തിന്റെ ഭരണകാലത്തെയും പരിഹസിക്കുകയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിക്കുകയും ചെയ്യുന്ന ചിത്രമാണ് ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ. ചിത്രത്തിന്റെ സംവിധായകൻ വിജയ് രത്‌നാകർ ഗുട്ടെയാണ്. ഇദ്ദേഹത്തിന്റെ പിതാവ് രത്‌നാകർ ഗുട്ടെ, മഹാരാഷ്ട്രയിലെ ബി.ജെ.പി സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് പാർട്ടിയുടെ നേതാവാണ്.

ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തെ ആസ്പദമാക്കി നിർമിച്ച ചിത്രമാണ് ഉദയ്പൂർ ഫയൽസ്. ഹിന്ദു ആക്ഷൻ ഫോഴ്സ് സ്ഥാപകനും ഉത്തർപ്രദേശ് നവനിർമാൺ സേന പ്രസിഡന്റുമായ അമിത് ജാനിയാണ് ഈ ചിത്രം നിർമിച്ചത്. ദാദ്രി, രാജസമന്ദ് ആൾക്കൂട്ട കൊലപാതക കേസുകളിലെ പ്രതികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മഹാകാൾ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ‘ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി’ എന്ന ചിത്രം നിർമിച്ചത്. ഈ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ വിഷ്ണു തന്തിയ, ഹരിയാനയിലെ ബി.ജെ.പി സഖ്യകക്ഷിയായ ഗോപാൽ ഗോയൽ (ഗോപാൽ കാണ്ഡ) എന്ന രാഷ്ട്രീയക്കാരന്റെ ബിസിനസ് പങ്കാളിയാണ്.

ബി.ജെ.പി അല്ലെങ്കിൽ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ, അവരുമായി ബന്ധമുള്ളവർ പണം മുടക്കിയതോ ആയ സിനിമകളുടെ പട്ടിക ഇതിൽ അവസാനിക്കുന്നില്ല. ബി.ജെ.പിയുടെ ഉന്നത നേതാക്കൾ തന്നെ നേരിട്ട് പ്രചാരണം നൽകുന്ന സിനിമകളും ഇതിൽ ഉൾപ്പെടുന്നു. ദി കാശ്മീർ ഫയൽസ്, ആർട്ടിക്കിൾ 370, ദി സബർമതി റിപ്പോർട്ട്, ദി കേരള സ്റ്റോറി, ഛാവ തുടങ്ങിയ സിനിമകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പുകഴ്ത്തിയിട്ടുണ്ട്.

ദി കാശ്മീർ ഫയൽസ്, ദി കേരള സ്റ്റോറി തുടങ്ങിയ ചിത്രങ്ങൾക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി ഇളവ് നൽകുകയും ചെയ്തിരുന്നു. ഇത്തരം പ്രത്യയശാസ്ത്രപരമായ സിനിമകൾക്കായി ബി.ജെ.പി, എ.ബി.വിപി, മറ്റ് സംഘപരിവാർ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പ്രദർശനങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കാറുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അനുസൃതമായ സിനിമകൾ നിർമിക്കുന്നതിലും അവക്ക് വൻതോതിൽ പ്രചാരണം നൽകുന്നതിലും ബി.ജെ.പിയും സംഘപരിവാറും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഈ വസ്തുതകൾ വിരൽ ചൂണ്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Propaganda CinemaRSSpolitical agendaThe Kashmir FilesThe Kerala StoryBJP
News Summary - Hidden BJP & RSS Link to Propaganda Films
Next Story