ഹേമ കമ്മിറ്റി: നിയമനിർമാണത്തിന് മുന്നോടിയായ സിനിമ കോൺക്ലേവ് നടക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയുമായി ബന്ധപ്പെട്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നയത്തിന്റെ കരട് രൂപരേഖ ഒക്ടോബറിനകം തയാറാകുമെന്ന് സർക്കാർ ഹൈകോടതിയിൽ. പ്രത്യേക നിയമനിർമാണത്തിന് മുന്നോടിയായ സിനിമ കോൺക്ലേവ് ആഗസ്റ്റിൽ നടക്കുമെന്നും തുടർന്ന് രണ്ടുമാസത്തിനകം കരട് നയത്തിന് രൂപംനൽകാനാവുമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
തുടർന്ന് സിനിമമേഖലക്ക് വേണ്ടിയുള്ള പ്രത്യേക നിയമനിർമാണവും നടക്കും. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹരജി ജൂൺ 25ന് പരിഗണിക്കാൻ മാറ്റി.
തൊഴിലിടത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പോഷ് ആക്ടിന് സമാനമായ പ്രത്യേക നിയമമാണ് സിനിമ മേഖലക്കായി നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
വനിത കമീഷനോടക്കം നിർദേശങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ലഭിച്ച പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം തേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.