ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും ലഭിക്കണം, വെറുതെ വിടണം- രണ്ടാം പ്രതി മാർട്ടിൻ ഹൈകോടതിയിൽ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തന്‍റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈകോടതിയിൽ ഹരജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ല. ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന്താണ് തനിക്കെതിരായ കുറ്റമായി കണ്ടെത്തിയിട്ടുള്ളത്.
ഇതേ ആരോപണം നേരിട്ട എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹരജിയിൽ പറയുന്നത്. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഈ ഹരജിയിൽ നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ബി എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ തൃൂശൂർ സിറ്റി പൊലീസ് സംഘം കേസെടുത്തിട്ടുള്ളത്.
മാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ ചെയ്തതായി പൊലീസ് കണ്ടെത്തി. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വിഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഇത് നിയമവിരുദ്ധവുമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 200ലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.
കേസില്‍ വിധി വന്നതിന് ശേഷമാണ് മാർട്ടിന്‍റെ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്.
യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ആ സമയത്താണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്.
ദിലീപിന്‍റെ ഭാഗം ന്യായീകരിക്കുന്നതാണ് വിഡിയോ. ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

