വിലായത്ത് ബുദ്ധക്കുനേരെ വിദ്വേഷ പ്രചാരണം; യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി നിർമാതാവ്
text_fieldsസൈബർ ആക്രമണത്തിൽ നിർമാതാവ് നൽകിയ പരാതിയുടെ പകർപ്പ്
പ്രിഥ്വിരാജ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം വിലായത്ത് ബുദ്ധക്കുനേരെ സൈബർ ആക്രമണം. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങളാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരിക്കുന്നത്. ചാനലിനെതിരെ സിനിമയുടെ നിർമാതാവ് സന്ദീപ് സേനൻ സൈബർസെല്ലിൽ പരാതി നൽകി. സിനിമയിറങ്ങി ആദ്യ ദിനം തന്നെ റിവ്യൂ എന്നപേരിൽ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞ് പല യൂട്യൂബ് ചാനലുകളും രംഗത്തെത്താറുണ്ട്. എന്നാൽ പലപ്പോഴുമിത് സിനിമയുടെ വരുമാനത്തെ മോശമായ് ബാധിക്കാറുമുണ്ട്. അത്തരത്തിൽ നടത്തിയ വിലായത്ത് ബുദ്ധയുടെ ഒരു റിവ്യൂ ആണ് പരതിക്കിടയാക്കിയത്. സിനിമക്കു പുറമെ സിനിമയിലെ അഭിനേതാക്കളെയും മതപരമായി വിഡിയോയിൽ വിമർശിക്കുന്നുണ്ട്.
നായക നടൻ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല രാഷ്ട്രീയ നിലപാടുകൾ മൂലം ചിത്രത്തെ ആളുകൾ തഴഞ്ഞുവെന്നുമൊക്കെ വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ചിത്രം റിലീസായി 48 മണിക്കൂർ പിന്നിടും മുമ്പാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. എങ്ങനെയാണ് ചിത്രം റിലീസായി 48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെന്നും പരാതിയിൽ സന്ദീപ് സേനൻ ചോദ്യമുന്നയിച്ചിരിക്കുകയാണ്.
ജി.ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

