തിരിച്ചുവരവിനൊരുങ്ങി ജോർജുകുട്ടി; ദൃശ്യം 3 ചിത്രീകരണം ഒക്ടോബറിൽ, ഹിന്ദി പതിപ്പിന് മുമ്പ് ചിത്രം എത്തുമോ?
text_fieldsമലയാളത്തിലെ ത്രില്ലർ സംവിധായകരുടെ പട്ടികയിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ജീത്തു ജോസഫിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. ഇതിന്റെ മൂന്നാം പതിപ്പിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റിലുള്ളത്.
മോഹൻലാലിന്റേയും ആശിർവാദ് സിനിമാസിന്റെയും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് വിവരങ്ങൾ പുറത്ത് വിട്ടത്. ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടിൽ തുടങ്ങുന്ന റീലിനൊപ്പം ദൃശ്യം 3 ഉടൻ വരും എന്നും പരാമർശിക്കുന്നുണ്ട്. തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. '2025 ഒക്ടോബറിൽ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്നാണ് കാപ്‌ഷനുമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നേരത്തേ, ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങുമെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണമുണ്ടായിരുന്നു. ഇതിനെ പൂർണമായി നിരാകരിക്കുന്നതാണ് നിർമാതാക്കളുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞദിവസം ചിത്രത്തിന്റെ തിരക്കഥയിൽനിന്നുള്ള ഒരുചിത്രം ജീത്തു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിങ്ങും ഒക്ടോബറിൽ തന്നെ തുടങ്ങുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തിൽ ഷൂട്ടിങ് ആരംഭിച്ച് അടുത്തവർഷം ഗാന്ധി ജയന്തി ദിനത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
2013ൽ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അതിൽ തന്റെ കുടുംബത്തെ രക്ഷിക്കാനുള്ള നായക കഥാപാത്രത്തിന്റെ ശ്രമങ്ങളുമാണ് ചിത്രത്തിലൂടെ ജിത്തു പറയുന്നത്. ഇതിന്റെ തുടർച്ചയായാണ് 2021ൽ പുറത്തിറങ്ങിയ 'ദൃശ്യം ദി റിസംഷൻ'. ഷൂട്ടിങ് തുടങ്ങുമെന്ന അപ്ഡേറ്റ് നടത്തിയതോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

