വേഗത 160 കിലോമീറ്ററിൽ, ബ്രേക്ക് പൂജ്യം
text_fieldsഈ വീക്കെൻഡിൽ രസകരമായി കാണാൻ പറ്റിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ചിത്രമാണ് ‘ഫുൾ സ്പീഡ്’ (Full Speed - 2016). ഫ്രഞ്ച് ഭാഷയിൽ ‘fond’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം, ഒരേസമയം കോമഡിയും ത്രില്ലിങ് ഹൈവേ ചേസും നിറഞ്ഞ ഒരു വിരുന്നുതന്നെയാണ്. സാങ്കേതികവിദ്യ കൈവിട്ടുപോയാൽ എന്ത് സംഭവിക്കും എന്നതാണ് സിനിമയുടെ പ്രമേയം.
ചില യാത്രകൾ നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെ ആയിരിക്കില്ല അവസാനിക്കുക. അത്തരത്തിൽ ഒരു കുടുംബത്തിന്റെ അവധിക്കാല യാത്ര തികച്ചും അപ്രതീക്ഷിതവും രസകരവുമായ ഒരു ജീവന്മരണ പോരാട്ടമായി മാറുന്ന കഥപറയുന്ന കിടിലൻ ഫ്രഞ്ച് കോമഡി ചിത്രമാണിത്. പ്ലാസ്റ്റിക് സർജനായ ടോം കോക്സ് തന്റെ കുടുംബത്തോടൊപ്പം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവധിക്കാല ട്രിപ്പിനൊരുങ്ങുകയാണ്! യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാൻ ‘മെഡൂസ’ കമ്പനിയുടെ പുത്തൻ ആഡംബര 7 സീറ്റർ വാഹനവും സ്വന്തമാക്കി.
എന്നാൽ, യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പാണ് ടോമിന്റെ ഗർഭിണിയായ ഭാര്യ ജൂലിയ ആ ഞെട്ടിക്കുന്ന വിവരം അറിയുന്നത്, യാത്രയിൽ അവർക്കൊപ്പം ഒരാൾ കൂടി ഉണ്ടാകും! മറ്റാരുമല്ല, എപ്പോഴും ഓരോ അബദ്ധങ്ങൾ വരുത്തിവെക്കുന്ന ടോമിന്റെ പിതാവ് ബെൻ. ജൂലിയക്ക് ഇതിൽ ഒട്ടും താൽപര്യമില്ലായിരുന്നെങ്കിലും, ടോം അവളെ നിർബന്ധിച്ച് സമ്മതിപ്പിക്കുന്നു. അങ്ങനെ അവർ പുതിയ വാഹനത്തിൽ യാത്രതിരിക്കുന്നു. പക്ഷേ, അബദ്ധങ്ങളുടെ തോഴനായ ബെൻ അവിടെയും അടങ്ങിയിരുന്നില്ല. വഴിമധ്യേ ഇന്ധനമടിക്കാൻ വണ്ടി നിർത്തിയപ്പോൾ, ആരുമറിയാതെ കാറിന്റെ പിൻസീറ്റിൽ ഒരു യുവതിയെ മുത്തശ്ശൻ ഒളിപ്പിച്ചു കയറ്റുന്നു.
അവിടെ നിന്നാണ് യഥാർഥ ട്വിസ്റ്റ് ആരംഭിക്കുന്നത്. വണ്ടി വീണ്ടും ഹൈവേയിൽ കയറിയപ്പോൾ ടോം ക്രൂസ് കൺട്രോൾ ഓൺ ചെയ്ത് സ്പീഡ് മണിക്കൂറിൽ 130 കിലോമീറ്ററാക്കി സെറ്റ് ചെയ്യുന്നു. എന്നാൽ പെട്ടെന്നാണ് ആ ദുരന്തം തിരിച്ചറിയുന്നത്, കാറിന്റെ സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റം പൂർണമായും ഹാങ് ആയിപ്പോകുന്നു! സിസ്റ്റം ഫ്രീസ് ആയതോടെ ക്രൂസ് കൺട്രോൾ ഓഫ് ചെയ്യാനോ വണ്ടിയുടെ വേഗത കുറക്കാനോ ടോമിന് സാധിക്കുന്നില്ല. ഇതിനിടയിലെ പരിഭ്രാന്തിയിൽ സ്പീഡ് കുറക്കാൻ നോക്കിയ ടോമിന് പറ്റിയ അബദ്ധം കാരണം വണ്ടിയുടെ വേഗത മണിക്കൂറിൽ 140ഉം 160ഉം കിലോമീറ്ററായി ഉയരുകയും ചെയ്യുന്നു!
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ, ഫുൾ ടാങ്ക് ഇന്ധനവുമായി നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിലൂടെ മുന്നോട്ട് പായുകയാണ്. മുന്നിലാകട്ടെ, ഭീകരമായ ട്രാഫിക് ബ്ലോക്കും!
കാറിനുള്ളിലെ ഈ ഭ്രാന്തൻ യാത്രക്കിടയിൽ, പുറത്തുനിന്നുള്ള ഭീഷണികൾക്കുപുറമെ ആ കുടുംബത്തിന്റെ ഉള്ളിലെ പല രഹസ്യങ്ങളും കുശുമ്പുകളും ഒന്നിനുപിറകെ ഒന്നായി പുറത്തുവരാൻ തുടങ്ങുന്നു. പെർഫെക്ട് എന്ന് തോന്നിച്ചിരുന്ന ആ കുടുംബത്തിന്റെ യഥാർഥ മുഖം പ്രേക്ഷകർക്കുമുന്നിൽ തുറന്നുകാട്ടപ്പെടുന്നത് തികച്ചും ഹാസ്യാത്മക രീതിയിലാണ്. വളരെ ലളിതവും എന്നാൽ, അങ്ങേയറ്റം ആകാംക്ഷ നിറച്ചുമാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും, കോമഡിയും ത്രില്ലും ഒരേപോലെ നിലനിർത്തുന്ന മേക്കിങ്ങും, ഒരു റോഡ് മൂവിയായിട്ടും കാതടിപ്പിക്കുന്ന ശബ്‌ദ കോലാഹലങ്ങളോ ബാക്ഗ്രൗണ്ട് മ്യൂസിക്കോ ഇല്ലാതെ തന്നെ ഒരു മികച്ച എന്റർടെയിനറാക്കിയാണ് സിനിമ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്. വൺടൈം വാച്ചിനപ്പുറം പ്രേക്ഷകരെ ചിരിപ്പിക്കുകയും ഒപ്പം സീറ്റിലിരുത്തി യാത്ര ചെയ്യിപ്പിക്കുന്ന ഫീലും സമ്മാനിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ലോജിക്ക് പണയംവെച്ച് കാണേണ്ടിവരുന്ന സീനുകൾ മാത്രമാണ് കല്ലുകടി.
ഫ്രഞ്ച് സിനിമകളിൽ കോമഡി ത്രില്ലറുകൾ ഒരുക്കുന്നതിൽ ശ്രദ്ധേയനായ നിക്കോളാസ് ബെനാമുവാണ് സംവിധായകൻ. ഹോളിവുഡ് താരം റോബർട്ട് ഡൗണി ജൂനിയറുമായി (Iron Man) അത്ഭുതപ്പെടുത്തുന്ന മുഖസാദൃശ്യമുള്ള ഫ്രഞ്ച് നടൻ ഹോസെ ഗാർസിയയാണ് ഇതിൽ നായകനായ ‘ടോം’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒപ്പം കരോലിൻ വിഗ്നക്സ്, ആന്ദ്രേ ഡസ്സോളിയർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എന്തുകൊണ്ട് കാണണം?
വലിയ ഗൗരവമുള്ള കഥയൊന്നുമല്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ സ്ക്രീനിലേക്ക് പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഹോളിവുഡ് സ്റ്റൈൽ കാർചേസുകളുടെ അമിത ഗൗരവമില്ലാതെ, കാറിലെ ഫീച്ചറുകളും സാങ്കേതിക വിദ്യകളും പണിമുടക്കിയാൽ ഉണ്ടാകുന്ന അവസ്ഥയെ വളരെ രസകരമായി ആസ്വദിക്കാവുന്ന ഒന്നര മണിക്കൂർ വിനോദം ഈ ചിത്രം ഉറപ്പുനൽകുന്നു.
സിനിമ ഭൂരിഭാഗവും ഒരു ഹൈവേയിലാണ് നടക്കുന്നത്. ഫ്രാൻസിലെ ഒരു ഹൈവേ (Autoroute A6) ആയിട്ടാണ് സിനിമയിൽ കാണിക്കുന്നതെങ്കിലും, യഥാർഥത്തിൽ ഇതിന്റെ പ്രധാന ആക്ഷൻ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത് നോർത്ത് മാസിഡോണിയയിലെ ഹൈവേകളിലാണ്!
മാസിഡോണിയയിലെ പുതിയതും എന്നാൽ, അന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കാത്തതുമായ ഹൈവേകളിലാണ് സ്റ്റണ്ട് രംഗങ്ങൾ ചിത്രീകരിച്ചത്. റിയൽ സ്പീഡിൽ, വലിയ സുരക്ഷാ സജ്ജീകരണങ്ങളോടെ പ്രഫഷനൽ സ്റ്റണ്ട് ഡ്രൈവർമാരുടെ സഹായത്തോടെയാണ് കാറുകൾ പായുന്ന രംഗങ്ങൾ കാമറയിലാക്കിയത്. ഒറിജിനാലിറ്റിക്കായി ചെറിയ രംഗങ്ങൾ മാത്രമാണ് ഫ്രാൻസിലെ ‘Sanef’ ഹൈവേ നെറ്റ്‌വർക്കിൽ ഷൂട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

