ആലപ്പുഴ ജിംഖാന മുതൽ പ്രിൻസ് ആൻഡ് ഫാമിലി വരെ; ഈ ആഴ്ചയിലെ ഒ.ടി.ടി മലയാള ചിത്രങ്ങൾ ഇവയാണ്...
text_fieldsപ്രേക്ഷകർ ഏറെ കാത്തിരുന്ന കുറച്ച് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയത്. ഖാലിദ് റഹ്മാന്‍റെ ആലപ്പുഴ ജിംഖാന, മനു സ്വരാജിന്‍റെ പടക്കളം, അരുൺ വെൺപാലയുടെ കർണിക, ജോ ജോർജിന്‍റെ ആസാദി, ബിന്റോ സ്റ്റീഫന്‍റെ പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് ഈ ആഴ്ചയിലെ ഒ.ടി.ടി മലയാള ചിത്രങ്ങൾ.
ആലപ്പുഴ ജിംഖാന
ഒ.ടി.ടിയിൽ എത്താൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന. തല്ലുമാലക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം, ജൂൺ 13 മുതൽ സോണിലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
പടക്കളം
സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. മേയ് എട്ടിനാണ് പടക്കളം തിയറ്ററുകളിലെത്തിയത്. സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
കർണിക
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീതവും ഒരുക്കിയ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'കർണിക' മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. പ്രിയങ്ക നായർ, വിയാൻ മംഗലശ്ശേരി, ടി. ജി രവി എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആധവ് റാം, ശ്രീകാന്ത് ശ്രീകുമാർ, ഗോകുൽ കെ.ആർ, ഐശ്വര്യ വിലാസ് തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആസാദി
ശ്രീനാഥ് ഭാസി നായകനായ ആസാദി മനോരമ മാക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്.
പ്രിൻസ് ആൻഡ് ഫാമിലി
പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' ജൂൺ 20 മുതൽ സീ5ൽ സ്ട്രീമിങ് ആരംഭിക്കും. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

