
ആര്യൻ ഖാന് ജാമ്യം നിന്നത് നടി ജൂഹി ചൗള, മോചനം നാളെ; ജാമ്യ വ്യവസ്ഥകൾ ഇവയാണ്...
text_fieldsന്യൂഡൽഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് നടിയും ഷാരൂഖ് ഖാെൻറ സുഹൃത്തുമായ ജൂഹി ചൗള ആൾ ജാമ്യം നിൽക്കും. താരപുരത്രൻ ഇന്ന് വൈകുന്നേരം ജയിൽ മോചിതനാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾ വൈകുന്നതിനാൽ മോചനം നാളെയാകാനാണ് സാധ്യത.
14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
വ്യാഴാഴ്ചയായിരുന്നു ആര്യൻ ഖാന് കേസിൽ ജാമ്യം ലഭിച്ചത്. 22 ദിവസമായി ആർതർ റോഡ് ജയിലിലായിരുന്നു ആര്യൻ. സുഹൃത്ത് അർബാസ് മർച്ചൻറിനും മോഡൽ മൂൺമൂൺ ധമേച്ചക്കും ബോംബെ ഹൈകോടതി ജാമ്യം നൽകിയിരുന്നു.
