ഫ്ലാറ്റുടമകൾ പരാതി നൽകി; മരട് 357 റിലീസ് കോടതി തടഞ്ഞു
text_fieldsകൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ മരട് 357 എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. സിനിമ ഫെബ്രുവരി 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹരജിയിലാണ് നടപടി.
കോടതിയുടെ പരിഗണനയിലിരിക്കുകയാണ് മരട് കേസ്. ഇതിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഫ്ലാറ്റ് നിർമാതാക്കൾ വാദിച്ചു. എന്നാൽ സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ചിത്രത്തിലില്ലെന്ന് സംവിധായകൻ പറഞ്ഞു.
സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കണ്ണന് താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകൻ.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സംഭവമാണ് മരട് 357പറയുന്നത്. അനൂപ് മേനോന്, ധര്മ്മജന് ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ എന്നിവരാണ് അഭിനേതാക്കൾ.
"വിധി കഴിയുമ്പോൾ വിചാരണ തുടങ്ങുന്നു' എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലൈൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. അബാം മൂവിസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

