'അഭിനയിച്ചതിന് കനത്ത ഭീഷണികൾ, സമുദായ വിലക്ക്'; ആരാണ് ഇന്ത്യൻ സിനിമയിലെ ആദ്യ നായിക?
text_fieldsഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, അഭിനയം പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്നു. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെ ഇന്ത്യയിലെ ആദ്യത്തെ സിനിമയായ "രാജാ ഹരിശ്ചന്ദ്ര" നിർമിക്കുന്ന സമയത്ത് ഇത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരുന്നു. സ്ത്രീകളായ അഭിനേതാക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ചിത്രത്തിലെ സ്ത്രീവേഷത്തിനായി പുരുഷ അഭിനേതാക്കളെ അദ്ദേഹത്തിന് തെരഞ്ഞെടുക്കേണ്ടി വന്നു.
എന്നാൽ തന്‍റെ അടുത്ത ചിത്രമായ 'മോഹിനി ഭസ്മാസുറി'ൽ ഇന്ത്യൻ സിനിമയിലെ ആദ്യ നായികയെ അദ്ദേഹം അവതരിപ്പിച്ചു. ദുർഗാഭായി കാമത്താണ് ചിത്രത്തിൽ പാർവതി ദേവിയായി അഭിനയിച്ച് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടിയത്. അവരുടെ മകൾ, 13 വയസ്സ് പ്രായമുള്ള കമല കാമത്ത് ചിത്രത്തിലൂടെ ബാലതാരമായും അരങ്ങേറി. 1913ലാണ് 'മോഹിനി ഭസ്മാസുർ' പുറത്തിറങ്ങുന്നത്. തുടർന്ന് ബ്രാഹ്മണ സമൂഹത്തിൽ നിന്നും കടുത്ത സാമൂഹിക ബഹിഷ്കരണം ഇരുവർക്കും നേരിടേണ്ടി വന്നു.
കനത്ത ഭീഷണികളാണ് ദുര്‍ഗാഭായിക്ക് നേരിടേണ്ടി വന്നത്. സമുദായത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ പിന്നീട് കമല കാമത്ത് 35ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.1980ല്‍ പുറത്തിറങ്ങിയ ‘ഗഹ്‌രായി’ ആണ് കമലാഭായ്‌യുടെ അവസാന സിനിമ. 1997 മെയ് 17-ന് മഹാരാഷ്ട്രയിലെ പൂണെയിൽ വെച്ച് തന്‍റെ 117-ആം വയസ്സിലാണ് ദുർഗ്ഗാഭായി കാമത്ത് അന്തരിച്ചത്.
അതേസമയം, ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ആദ്യ അഭിനേത്രി ദേവിക റാണിയാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് അവർ നൽകിയ സംഭാവനകൾ വിലയേറിയതാണ്. 1930 കളിലാണ് ദേവിക റാണി സിനിമ രംഗത്തെത്തുന്നത്. ഭർത്താവ് ഹിമാൻഷു റായ് സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ ആദ്യകാല ശബ്‌ദ ചിത്രങ്ങളിലൊന്നായ, 1933-ൽ പുറത്തിറങ്ങിയ 'കർമ്മ'യാണ് ദേവികയുടെ ആദ്യ ചിത്രം.
ആദ്യകാല ചിത്രങ്ങളായ ഇഷ്‌ക്-ഇ-ദിൽ (1936), അച്യുത് കന്യ (1936) എന്നിവയിലെ ശക്തമായ സാന്നിധ്യം ദേവികയെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാക്കി മാറ്റി. 1930-കളിലും 1940-കളിലും ദേവിക റാണി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

