100 കോടിയുടെ കം ബാക്ക്; ഇനി നിവിൻ പൊളിക്കും...
text_fieldsനിവിൻ പോളി
മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത യുവ നടൻ ആരെന്ന ചേദ്യത്തിന് മലയാളികൾക്ക് അന്നും ഇന്നും ഒരു ഉത്തരം മാത്രമാവും ഉണ്ടാവുക, അത് നിവിൻ പോളിയാണ്. ഏതു തലമുറക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരു മാജിക് നിവിൻ എന്ന നടനിലുണ്ട്. തട്ടത്തിൻ മറയത്തെ വിനോദും, പ്രേമത്തിലെ ജോർജും, ആക്ഷൻ ഹീറോ ബിജുവും, ജേക്കബിന്‍റെ സ്വർഗരാജ്യത്തെ ജെറിയും 1983യിലെ രമേശനും എന്നു തുടങ്ങി ചെയ്തു വെച്ച ക്യാരക്ടറിലെല്ലാം തന്നെ ആ നിവിൻ മാജിക് പ്രേക്ഷകർ കണ്ടതാണ്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ 'ഒറ്റക്ക് വഴിവെട്ടി വന്നവനാടാ...' എന്ന ഒറ്റ ഡയലോഗ് മതിയായിരുന്നു താരത്തിന് വീണ്ടും തന്‍റെ സ്ഥാനം മലയാളി ആരാധകരെ ഓർമിപ്പിക്കാൻ.
പിന്നീടുണ്ടായ പല നിവിൻ സിനിമകളും പരാജയമായപ്പോൾ നമ്മൾ എല്ലാവരും ആ പഴയ നിവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ 2025 ന്റെ അവസാനം നിവിൻ പോളി ഒരു ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ എന്ന സിനിമയിലൂടെ പരാതികളെല്ലാം നിവിൻ നികത്തിയിട്ടുണ്ട്. റീലീസ് ചെയ്ത് 10 ദിവസം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നിവിൻ പോളി നേടിയത്.
നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നാണ് കലക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഫാന്‍റസി ഹൊറർ കോമഡി ഴോണറിൽ സർവ്വം മായ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്.
നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ് പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ശരൺ വേലായുധന്റെ കാമറ, അഖിൽ സത്യൻ എഡിറ്റിങ് വിഭാഗം എന്നിവ കൈകാര്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

