'ഒജി' റിലീസിന് മുന്നോടിയായി അനുമതിയില്ലാതെ ആഘോഷം; പവൻ കല്യാൺ ആരാധകർക്കെതിരെ എഫ്.ഐ.ആർ
text_fieldsപവൻ കല്യാൺ
ബംഗളൂരു: നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ പുതിയ ചിത്രം 'ഒജി' ഇന്നലെ തിയറ്ററുകളിലെത്തി. റിലീസിനെ തുടർന്ന് ബംഗളൂരു ഉൾപ്പടെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ പവൻ കല്യാണിന്റെ ആരാധകർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ സിനിമയുടെ റിലീസിന് മുന്നോടിയായി അനുമതിയില്ലാതെ നടത്തിയ ആഘോഷം വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്. ബംഗളൂരു മഡിവാളയിലെ സന്ധ്യ തിയറ്ററിന് പുറത്ത് ബംഗളൂരു പവൻ കല്യാൺ ഫാൻസ് അസോസിയേഷൻ ഡി.ജെ പരിപാടി സംഘടിപ്പിച്ചിരുന്നു.
വിവരം അറിഞ്ഞതോടെ പൊലീസ് സംഭവസ്ഥലത്തെത്തി സ്റ്റേജും ഡി.ജെ സൗണ്ട് സിസ്റ്റവും പൊളിച്ചു നീക്കി. ബുധനാഴ്ച തിയറ്റിൽ ചിത്രത്തിന്‍റെ പ്രിവ്യൂ നടന്നിരുന്നു. അതിന് ശേഷമാണ് സംഭവം. സിറ്റി കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം മഡിവാള പൊലീസ് സംഘാടകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഒരു പ്രാദേശിക സംഘടന പരിപാടിയെ എതിർത്തതിനെ തുടർന്ന് സംഭവസ്ഥലത്ത് നേരത്തെ സംഘർഷാവസ്ഥ ഉണ്ടായിരുന്നു.
സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിതാണ് ചിത്രത്തിന്‍റെ സംവിധായകൻ. രണ്ട് വര്‍ഷം മുമ്പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഒജി. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകുകയായിരുന്നു. ആര്‍.ആര്‍.ആര്‍ നിർമിച്ച ഡി.വി.വി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്.
ഒജിയില്‍ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. പ്രിയങ്ക മോഹൻ ആണ് നായിക. രവി കെ ചന്ദ്രൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിൽ പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം ചിത്രം 90 കോടി കലക്ഷൻ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

