പുകയിലക്കും മദ്യത്തിനും പിന്നാലെ ലഹരിക്കും മുന്നറിയിപ്പ് നിർബന്ധം; സെൻസർ ബോർഡ് ചട്ടങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: സിനിമകളിൽ പുകയിലക്കും മദ്യപാനത്തിനും നൽകുന്നതിന് സമാനമായി ഇനിമുതൽ ലഹരി ഉപയോഗത്തിനെതിരെയും സ്ക്രീനിൽ കർശന മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര സർക്കാർ. ലഹരിയുടെ ഉപയോഗമോ കടത്തോ ചിത്രീകരിക്കുന്ന രംഗങ്ങളിൽ നിർബന്ധമായും ഈ മുന്നറിയിപ്പ് ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദേശം. സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
സിനിമകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ കടത്തുന്നതോ ആയ രംഗങ്ങൾ വരുമ്പോൾ സ്ക്രീനിൽ 'അനധികൃത ലഹരി വസ്തുക്കൾ ആരോഗ്യത്തെ തകർക്കുകയും ജയിൽവാസം ഉറപ്പാക്കുകയും ചെയ്യുന്നു. ലഹരിയോട് നോ പറയുക'(Illicit Narcotics Destroy Health and Guarantees Imprisonment. Say No to Drugs) എന്ന് കൃത്യമായി പ്രദർശിപ്പിക്കണം. സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരമുള്ള പുതിയ ഭേദഗതി ഇതിനകം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിൽ ലഹരി ഉപയോഗം മഹത്വവൽക്കരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ദൃശ്യങ്ങൾ ഒഴിവാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ സിനിമകളിലെ ലഹരി ദൃശ്യങ്ങളുടെ ആധിക്യവും അവ സമൂഹത്തിൽ ചെലുത്തുന്ന ദൂഷ്യഫലങ്ങളും കണക്കിലെടുത്താണ് സർക്കാർ ഇപ്പോൾ പുകയില-മദ്യ മുന്നറിയിപ്പുകൾക്ക് സമാനമായ രീതിയിൽ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും പ്രൈവറ്റ് സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്കും സമാനമായ നിർദേശങ്ങൾ മന്ത്രാലയം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ സർട്ടിഫിക്കേഷൻ ചട്ടങ്ങളിലും ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ പൊതുപ്രദർശനത്തിന് അനുമതി നൽകുന്നതിന് മുമ്പ് സി.ബി.എഫ്.സി പാലിക്കേണ്ട കർശന മാർഗനിർദേശങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിബന്ധനയും മാറിയിരിക്കുന്നത്.
ഇതിനിടെ, പുതിയ സി.ബി.എഫ്.സി ബോർഡിനെ കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. പ്രമുഖ താരങ്ങളായ പങ്കജ് ത്രിപാഠി, പ്രീതി സിന്റ, സുനിൽ ഷെട്ടി, പല്ലവി ജോഷി, സംവിധായകൻ പ്രിയദർശൻ, സംഗീതജ്ഞൻ റിക്കി കെജ് തുടങ്ങി പ്രമുഖർ ഉൾപ്പെടുന്ന 18 അംഗ പുതിയ സമിതിയാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ശശി ശേഖർ വെമ്പതിക്കാണ് പുതിയ ബോർഡിന്റെ ചെയർമാൻ പദവിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

