2025ൽ 500 കോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങൾ
text_fieldsഈ വർഷം ഇന്ത്യൻ ബോക്സ് ഓഫിസിൽ കോടികളുടെ കിലുക്കമാണ്. ക്രിസ്തുമസ് കൂടെ മിന്നിച്ചാൽ ഇന്ത്യൻ സിനിമലോകം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലക്ഷൻ നേടിയ വർഷമാവാനും സാധ്യതയുണ്ട്. കോടികൾ വാരി ബോക്സ് ഓഫിസ് തൂക്കിയ വമ്പൻ ചിത്രങ്ങളും നിരവധിയാണ്. തിയറ്ററുകളിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ച് 500 കോടി എന്ന മാന്ത്രികസംഖ്യ കടന്ന് റെക്കോർഡിട്ട ചിത്രങ്ങളും മികച്ച പ്രക്ഷക-നിരൂപക അഭിപ്രായങ്ങളും നേടി.
ഈ വർഷം 500 കോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങൾ പട്ടികയിൽ ഇടം പിടിച്ചത് അഞ്ച് ചിത്രങ്ങളാണ്. രൺവീർ സിങ്ങിന്റെ ആക്ഷൻ ചിത്രമായി 'ധുരന്ധർ' ആണ് അവസാനമായി പട്ടികയിൽ ഇടംപിടിച്ചത്. ഡിസംബർ അഞ്ചിന് ആദിത്യ ധറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രം മികച്ച പ്രകടനവുമായി മുന്നേറുകയാണ്.
ബോക്സ് ഓഫിസിൽ ഇതിനോടകം മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ആഭ്യന്തര ബോക്സ് ഓഫിസിൽ 544 കോടി കടന്നു. പത്ത് ദിവസത്തിനുളളിലാണ് ധുരന്ധർ 500 കോടി ക്ലബിൽ ഇടം നേടുന്നത്. പാകിസ്താനിലെ 'ഓപറേഷൻ ലിയാരി'യുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിന്നും ഇന്ത്യൻ ഇന്‍റലിജൻസിന്‍റെ രഹസ്യ റോ ദൗത്യങ്ങളിൽ നിന്നുമാണ് കഥ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. രൺവീർ സിങ്ങിനും സാറ അർജുനും എന്നിവർക്ക് പുറമെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപൽ എന്നിവരും അഭിനയിക്കുന്നുണ്ട്.
500 കോടി ക്ലബിൽ ഇടം പിടിച്ച മറ്റ് ചിത്രങ്ങൾ
ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1' വേൾഡ് വൈഡായി 851.89 കോടി നേടി പട്ടികയിൽ ഒന്നാംസ്ഥാനത്താണ്. അടിച്ചമർത്തപ്പെട്ട ജനതയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ വനവും അധികാരവും ഭൂമിയും ദൈവവും തമ്മിലുള്ള സംഘർഷങ്ങളുടെ ഉത്ഭവകഥയാണ് പറയുന്നത്. രുഗ്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ബോക്സ് ഓഫിസിൽ വമ്പൻ വിജയമായ വിക്കി കൗശൽ ചിത്രമായ 'ഛാവ' 807.91 കോടിയാണ് വേൾഡ് വൈഡായി നേടിയത്. ആദ്യ ദിനം ചിത്രം ആഗോളതലത്തിൽ 50 കോടി നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാത്ത സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയ ഹിന്ദി ചിത്രമായിരുന്നു ഛാവ. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയുടെ ഒരു ചലച്ചിത്രാവിഷ്കാരമാണിത്. അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മോഹിത് സൂരിയുടെ'സയാര'യും പട്ടികയിൽ ഇടം പിടിച്ച മറ്റൊരു ബോളിവുഡ് ചിത്രമാണ്. റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രത്തിൽ പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും ബോക്സ് ഓഫിസിൽ 569.75 കോടിയാണ് ചിത്രം നേടിയെടുത്തത്.
വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്കെത്തിയ രജനികാന്തിന്‍റെ ആക്ഷൻ ചിത്രമായ 'കൂലി' വൻതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം തന്നെ കാഴ്ചവെച്ചിരുന്നു. വേൾഡ് വൈഡായി 518കോടിയാണ് നേടിയത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ്, തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ആമിർ ഖാൻ, പൂജ ഹെഗ്‌ഡെ എന്നിവരും അതിഥി വേഷങ്ങളിൽ സാന്നിധ്യം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

