ആ ചിത്രം നാഴികക്കല്ലായി മാറി, അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടു, ഏറെ ആദരിക്കപ്പെട്ടു; പക്ഷേ...
text_fieldsചേതൻ ആനന്ദ് സംവിധാനം ചെയ്ത 'നീച്ച നഗർ' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിൽ ഒന്നാണ്. 1946ൽ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയെങ്കിലും സ്വന്തം നാട്ടിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് വലിയൊരു വൈരുദ്ധ്യമാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള 'ഗ്രാൻഡ് പ്രിക്സ്' (ഇന്നത്തെ പാം ഡി ഓർ) പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യൻ ചിത്രമാണിത്. ഇന്ത്യൻ സിനിമയിൽ റിയലിസ്റ്റിക് ശൈലിക്ക് തുടക്കമിട്ട ചിത്രങ്ങളിൽ ഒന്നാണിത്.
റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ 'ദ ലോവർ ഡെപ്ത്സ്' എന്ന കൃതിയെ ആസ്പദമാക്കി നിർമിച്ച ചിത്രമാണിത്. സമൂഹത്തിലെ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വർഗ്ഗസമരമാണ് സിനിമയുടെ പ്രമേയം. സിനിമയിൽ മുഖ്യകഥാപാത്രങ്ങളായത് റഫീഖ് അൻവർ, കാമിനി കൗശൽ, സൊഹ്‌റ സെഹ്ഗൽ എന്നിവരാണ്. പ്രശസ്ത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കർ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
നീച്ച നഗർ ഇന്ന് ഒരു ലോസ്റ്റ് ക്ലാസിക് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിക്കും വർഷങ്ങൾക്ക് മുമ്പ് തന്നെ ലോക സിനിമയുടെ ഭൂപടത്തിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച സിനിമയാണിത്. ഇന്ത്യക്കാർ അന്ന് തഴഞ്ഞെങ്കിലും, ഇന്ന് ലോകമെമ്പാടുമുള്ള സിനിമാ പഠിതാക്കൾ ഈ ചിത്രത്തെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്ര വലിയ ആഗോള അംഗീകാരം ലഭിച്ചിട്ടും നീച്ച നഗർ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ പരാജയപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.
സിനിമ പുറത്തിറങ്ങിയ സമയത്ത് ഇന്ത്യയിൽ കൃത്യമായ വിതരണ ശൃംഖല ഉണ്ടായിരുന്നില്ല. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയെങ്കിലും, ആ വാർത്ത വേണ്ടവിധം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനോ സിനിമക്ക് തിയറ്ററുകൾ കണ്ടെത്താനോ അണിയറപ്രവർത്തകർക്ക് കഴിഞ്ഞില്ല. 1940കളിൽ ഇന്ത്യൻ പ്രേക്ഷകർ സിനിമയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് സംഗീതവും നൃത്തവും നിറഞ്ഞ വിനോദങ്ങളായിരുന്നു. എന്നാൽ നീച്ച നാഗർ ദാരിദ്ര്യം, ചൂഷണം, സാമൂഹിക അനീതി തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. സാധാരണക്കാർക്ക് റിയലിസ്റ്റിക് സിനിമകളേക്കാൾ താൽപ്പര്യം നാടകീയമായ കഥകളോടായിരുന്നു.
സിനിമയിൽ പാട്ടുകളില്ലായിരുന്നു. ‘ആ ചിത്രം ഒരു നാഴികക്കല്ലായി മാറി. അച്ഛൻ അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടു. ഏറെ ആദരിക്കപ്പെട്ടു. പക്ഷേ, ഇന്ത്യയിൽ കാര്യങ്ങളെല്ലാം തിരിച്ചായിരുന്നു ചേതൻ ആനന്ദിന്റെ മകൻ കേതൻ ആനന്ദ് പറയുന്നു. 1946 എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടമായിരുന്നു. രാജ്യം വിഭജനത്തിന്റെ മുനമ്പിലും രാഷ്ട്രീയമായ വലിയ മാറ്റങ്ങളിലുമായിരുന്നു. ഈ സമയത്ത് സിനിമയുടെ കലാമൂല്യത്തേക്കാൾ ഉപരി രാജ്യത്തെ അസ്ഥിരമായ സാഹചര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ടു.
എന്നാൽ നീച്ച നഗറിന് ലഭിച്ച അംഗീകാരത്തിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ഭുതപ്പെട്ടുവെന്നും അദ്ദേഹം ഓർക്കുന്നു. അങ്ങനെ ഇന്ത്യയിൽ സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ് സിനിമ രാജ്യം മുഴുവൻ റിലീസ് ചെയ്യാനും തീരുമാനമായി. പക്ഷേ അതൊരിക്കലും നടന്നില്ല. നീച്ച നഗർ ഇന്ത്യയിലെ ഒരു തിയറ്ററിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ. അതും ഒരു പേരിനുവേണ്ടിയുള്ള റിലീസിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

