അഞ്ച് പാട്ടും ഒരു സംഘട്ടനവും എന്ന ഫോര്‍മുല മാറി; ഒ.ടി.ടിയിലൂടെ സിനിമയുടെ ജനാധിപത്യവത്കരണമെന്ന് പ്രിയങ്ക ചോപ്ര
text_fieldsമുംബൈ: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ പിന്തുണച്ച് നടി പ്രിയങ്ക ചോപ്ര. സിനിമ വ്യവസായത്തില്‍ ചിലരുടെ ഏകാധിപത്യം നിലനില്‍ക്കുകയാണ്. ഒ.ടി.ടിയിലൂടെ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. ജനങ്ങള്‍ ഒ.ടി.ടിയെ സ്വീകരിക്കണം. പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ആസ്വാദനം നല്‍കുന്നതോടൊപ്പം സിനിമ വ്യവസായത്തിന്റെ ജനാധിപത്യവത്കരണം കൂടിയാണ് ഒ.ടി.ടിയിലൂടെ സംഭവിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ബോളിവുഡ് സിനിമകളുടെ സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് പുറത്തുകടക്കാന്‍ കലാകാരന്മാരെ പ്രേരിപ്പിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. അഞ്ച് പാട്ടും ഒരു സംഘട്ടനവും എന്ന ഫോര്‍മുല മാറുകയാണ്. ഇപ്പോള്‍ യാഥാര്‍ഥ്യബോധമുള്ളതും മികച്ചതുമായ കഥകളാണ് ജനങ്ങള്‍ക്ക് താല്‍പര്യം -യു.എസില്‍ സീ5 ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ചിങ്ങിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക പറഞ്ഞു.
ഏറെക്കാലം ഏതാനും പേരുടെ ഏകാധിപത്യത്തിലായിരുന്ന സിനിമ ലോകത്ത് പുതിയ എഴുത്തുകാര്‍, അഭിനേതാക്കള്‍, ഫിലിം മേക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് ഒ.ടി.ടിയിലൂടെ അവസരം ലഭിക്കുകയാണ്. ഇത് ഇന്ത്യന്‍ സിനിമക്ക് വളരാനുള്ള സമയമാണ്.
തിയറ്ററില്‍ നിന്ന് സിനിമ കാണുന്ന അനുഭവത്തോട് മറ്റൊന്നിനെയും താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഒ.ടി.ടിയില്‍ പ്രേക്ഷകര്‍ സംതൃപ്തരാണ്. തിയറ്ററുകള്‍ ഓര്‍മയാകുന്നു എന്നല്ല ഇപ്പോഴത്തെ ഒ.ടി.ടിയുടെ ജനപ്രീതി സൂചിപ്പിക്കുന്നതെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.