Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഒത്തിരി...

'ഒത്തിരി ആഗ്രഹിച്ചതാണ്, മമ്മൂക്കയോടൊപ്പം നോമിനേറ്റഡായി എന്നറിഞ്ഞപ്പോൾ മുതൽ വലിയ ആവേശത്തിലായിരുന്നു'; ആസിഫ് അലി

text_fields
bookmark_border
ഒത്തിരി ആഗ്രഹിച്ചതാണ്, മമ്മൂക്കയോടൊപ്പം നോമിനേറ്റഡായി എന്നറിഞ്ഞപ്പോൾ മുതൽ വലിയ ആവേശത്തിലായിരുന്നു; ആസിഫ് അലി
cancel
camera_alt

ആസിഫ് അലി

കൊച്ചി: താൻ ഒരുപാട് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ പ്രഖ്യാപനമാണ് ഇന്നുണ്ടായതെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ മമ്മൂക്കയോടൊപ്പം നോമിനേറ്റഡായി എന്നറിഞ്ഞപ്പോൾ മുതൽ വലിയ ആവേശത്തിലായിരുന്നെന്നും നടൻ ആസിഫ് അലി. മികച്ച നടനായുള്ള തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്കൊപ്പം അവസാന റൗണ്ട് വരെ ലിസ്റ്റിലുണ്ടായിരുന്ന ആസിഫ് അലി മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനാണ് അർഹനായത്.

'ഒത്തിരി ആഗ്രഹിച്ചതാണ് ഇങ്ങനെയൊരു അംഗീകാരം. ഇനി മുന്നോട്ടുള്ള എന്റെ സിനിമ ജീവിതത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും വലിയൊരു ഊർജമായിരിക്കും ഇത്തരത്തിലുള്ള അംഗീകാരം. സംസ്ഥാന സർക്കാറിന്റെ അവാർഡാണ്. ഒരുപാട് വലിയ കലാകാരന്മാർക്ക് കിട്ടിയിട്ടുള്ളതാണ്. അതിലേക്ക് നോമിനേറ്റഡ് ആവുന്നു എന്നുപറഞ്ഞാൽ തന്നെ എന്നെ പോലുള്ള ഒരാൾക്ക് സ്വപ്നം കാണാൻ ആവുന്നതിനേക്കാൾ ഒരുപാട് മുകളിലാണ്. ബെസ്റ്റ് ആക്ടർ കാറ്റഗറിയിലേക്ക് നോമിനേറ്റഡായി നിൽക്കുമ്പോൾ നിങ്ങൾ അത് അർഹിക്കുന്നുണ്ട് എന്ന് ഒരുപാട് പേർ പറയുന്നത് തന്നെയാണ് വലിയ സന്തോഷം. വരും വർഷങ്ങളിൽ അത് ആവർത്തിക്കപ്പെടട്ടേ. ഒരാൾ ബെസ്റ്റ് ആക്ടറിനുള്ള പുരസ്കാരത്തിനായി മത്സരിക്കുമ്പോൾ മമ്മൂക്കയോട് മത്സരിച്ചിട്ട് വേണം എന്ന് പറയുന്നത് പോലെ ആവട്ടെ ഞാനും എന്ന് ആഗ്രഹിക്കുന്നു.'- ആസിഫ് അലി പറഞ്ഞു.

‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് അഭിനയത്തിനുള്ള പ്രത്യേക പരാമർശത്തിന് ആസിഫ് അലിയെ അർഹനാക്കിയത്.

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ ആവാഹിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും.

സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. ബൊഗയ്ൻ വില്ലയിലെ അഭിനയത്തിന് ജ്യോതിർമയിയും പാരഡൈസിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടി. ടൊവീനോ തോമസും ആസിഫ് അലിയും ​മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് അർഹരായി.

  • മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ(എ.ആർ.എം).
  • മികച്ച ഗായിക: സെബ ടോമി(അംഅ).
  • മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം(മഞ്ഞുമ്മൽ ബോയ്സ്).
  • മികച്ച ഗാനരചയിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).
  • പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.
  • മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ).
  • സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്
  • മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം)
  • വിഷ്വൽ എഫക്റ്റ്: എ.ആർ.എം
  • നൃത്തസംവിധാനം: ഉമേഷ്, ബൊഗേയ്ൻവില്ല
  • ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) സയനോര: ചിത്രം ബറോസ്, ആൺ -രാജേഷ് ഗോപി (ബറോസ്)
  • മേക്കപ്പ്: റോണക്സ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻവില്ല)
  • ശബ്ദരൂപകല്പന: ഷിജിൻ മെൽവിൻ, അഭിഷേക് (മഞ്ഞുമ്മൽ ബോയ്സ്)
  • സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
  • കലാസംവിധാനം:അജയൻ ചാലിശ്ശേരി(മഞ്ഞുമ്മൽ ബോയ്സ്)
  • എഡിറ്റിംഗ് -സൂരജ് (കിഷ്കിന്ധാകാണ്ഡം)

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 2024ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്ക്രീനിങ് പൂര്‍ത്തിയാക്കിയത്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyAsif Alibest actorkerala state film awards
News Summary - Film Award: Asif Ali's response
Next Story