നീതിക്കായി പോരാട്ടം തുടരും, അതിജീവിതയെ തിരികെ വിളിക്കണം -അൻസിബ
text_fieldsകൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ താൻ ഉന്നയിച്ച എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനായെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി അൻസിബ ഹസ്സൻ.
യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പങ്കാളിത്തമുള്ളതും അംഗങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തിയതുമായ ഒരു ജനറൽ ബോഡി നടക്കുന്നത്.
എല്ലാ കാര്യങ്ങളും വിശദമായി അംഗങ്ങളെ അറിയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ, കഴിഞ്ഞ ഭരണസമിതിക്ക് കൃത്യമായ വരവുചെലവ് കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കാനായില്ല എന്നതാണ് വാസ്തവം.
അംഗങ്ങൾ നിരന്തരം ചോദ്യം ചെയ്തപ്പോൾ 45 ദിവസത്തെ സാവകാശം കമ്മിറ്റി ചോദിച്ചെങ്കിലും, ആ ബാലിശമായ ആവശ്യം ജനറൽ ബോഡി തള്ളി. കണക്കുകളിലെ കൃത്യതക്കുറവ് തന്നെയാണ് യോഗത്തിൽ പ്രധാന വിഷയമായി മാറിയത്. ഏതെല്ലാം വിഷയങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യോഗത്തിൽ താൻ കൃത്യമായി ചൂണ്ടിക്കാണിച്ചെന്നും അൻസിബ വ്യക്തമാക്കി.
നടി നീനാ കുറുപ്പിന്റെയും തന്റേതുൾപ്പെടെയുള്ള മറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. എന്നാൽ, ഉച്ചവരെ സംസാരിക്കാൻ മുൻ കമ്മിറ്റി തനിക്ക് അവസരം നൽകിയില്ല.
തുടർന്ന് മറ്റ് അംഗങ്ങളുടെ പിന്തുണയോടെ ഉച്ചക്ക് ശേഷം അവസരം ചോദിച്ചുവാങ്ങുകയായിരുന്നു. ഇതിനായി കൂടെനിന്ന മുഴുവൻ അംഗങ്ങൾക്കും അവർ നന്ദി അറിയിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ജനറൽ ബോഡിയിലും പറയാൻ കഴിഞ്ഞതിൽ സമാധാനമുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു.
ഒരു നീതിന്യായ വ്യവസ്ഥയിലൂടെ നീതി ലഭ്യമാക്കുക എന്നത് നിരവധി കടമ്പകളുള്ള പ്രക്രിയയാണെങ്കിലും അതിൽ നിന്ന് ഒരു തരി പോലും പിന്നോട്ട് പോകില്ല. പോരാട്ടം ഇനിയും തുടരും. കഴിഞ്ഞ ആഗസ്റ്റിൽ അധികാരത്തിൽ വന്ന, ഇപ്പോൾ രാജിവെച്ചൊഴിഞ്ഞ കമ്മിറ്റി, അതിജീവിത ഉൾപ്പെടെ സംഘടനയിൽ നിന്ന് പോയവരെ തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
ഇനി അധികാരത്തിൽ വരുന്ന പുതിയ ഭരണസമിതി അവരെ ഔദ്യോഗികമായി തിരികെ വിളിക്കാൻ തയ്യാറാകണം. അവർ വരുന്നതും വരാതിരിക്കുന്നതും അവരുടെ തീരുമാനമാണെങ്കിലും, അവരെ ഔദ്യോഗികമായി ക്ഷണിക്കുക എന്നത് സംഘടനയുടെ നീതിയുക്തമായ കടമയാണെന്നും ആ ന്യായമായ കാര്യം പുതിയ ഭരണസമിതി ചെയ്യണമെന്നും അൻസിബ ഹസ്സൻ അഭ്യർത്ഥിച്ചു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടായതെന്നും അവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

