‘ഫെമിനിച്ചി ഫാത്തിമ’ എന്റെ കാഴ്ചപ്പാടിലെ ഫെമിനിസം -ഫാസിൽ മുഹമ്മദ്
text_fieldsഫാസിൽ മുഹമ്മദ്
കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളാൻ സമൂഹം തയാറാകണമെന്ന സന്ദേശമുയർത്തി പൊന്നാനിക്കാരിയായ ഫാത്തിമയും അഷ്റഫും കുടുംബവും ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ പ്രേക്ഷകരിലേക്കെത്തുമ്പോൾ തനിക്ക് പറയാനുള്ള ഫെമിനിസമാണ് സിനിമയിലുള്ളതെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ്. രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള സിനിമകളിലൊന്നായ ഫെമിനിച്ചി ഫാത്തിമ ഒരുക്കിയ ഫാസിൽ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
എന്താണ് ഫെമിനിച്ചി ഫാത്തിമ
• വീട്ടിൽ എത്ര സ്വാതന്ത്ര്യം ഉണ്ടെന്നും സ്വന്തം റോൾ എന്താണെന്നും തിരിച്ചറിയാത്ത നിരവധി വീട്ടമ്മമാരിലൊരാളാണ് ഫാത്തിമ. ഒരുഘട്ടത്തിൽ അത് തിരിച്ചറിയുന്ന ഫാത്തിമ അതിൽനിന്ന് ഉണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നു, പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഫെമിനിച്ചി ഫാത്തിമ.
സ്വന്തം ജീവിതത്തിൽ ചെറിയമാറ്റം പോലും വരുത്താൻ കഴിയാത്ത നിരവധി ഫാത്തിമമാർ നമുക്ക് ചുറ്റിലുമുണ്ട്. മതം പറയുന്നതിനപ്പുറം കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളാൻ പറ്റാതെ പോകുന്നവർ ഉണ്ടാക്കിവെക്കുന്ന വിഷമതകളിൽനിന്ന് പുറത്തുകടക്കാൻ വെമ്പുന്ന അത്തരക്കാരുടെ പ്രതിനിധി കൂടിയാവുകയാണ് ഫാത്തിമ.
ഇത്തരമൊരു പേരിന് പിന്നിൽ
• ജീവിതത്തിലെ കാഴ്ചപ്പാടുകൾ മാറുമ്പോൾ, അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നാടൻ ശൈലിയിൽ നടത്തുന്ന പ്രയോഗമാണ് ഓള് ഫെമിനിച്ചിയാണെന്നത്. അത് പോസിറ്റീവായാണ് കാണുന്നത്. അത് കേൾക്കുന്നത് ഫാത്തിമക്ക് സന്തോഷവുമാണ്. സിനിമയിൽ പറയുന്നത് എന്റെ കാഴ്ചപ്പാടിലുള്ള ഫെമിനിസമാണ്. ചുറ്റുമുള്ള മാറ്റത്തിന്റെ യാഥാർഥ്യം മനസ്സിലാകാതെ പോകുന്ന ജീവിതങ്ങൾ ഏറെയുണ്ട്. അത്തരക്കാരിലേക്ക് കൂടി കാമറ തിരിച്ചുവെക്കുന്നു എന്നേയുള്ളൂ.
കഥാപാത്രങ്ങളെ കണ്ടെത്തിയത്
• ചുറ്റുപാടിൽനിന്ന് തന്നെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. ഷംല ഹംസയാണ് ഫാത്തിമയെ അവതരിപ്പിക്കുന്നത്. കുമാർ സുനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പിന്നെയുള്ളവരെല്ലാം പൊന്നാനി മേഖലയിൽനിന്നുള്ളവരാണ്. ഇവരെല്ലാം എന്റെ ട്യൂഷൻ വീട് എന്ന വെബ്സീരിസിൽ അഭിനയിച്ചവരാണ്. രചനയും എഡിറ്റിങ്ങും ഞാൻ തന്നെയാണ്. 1001 നുണകളെന്ന സിനിമയുടെ സംവിധായകൻ താമറും നടൻ സുധീഷ് സ്കറിയയും ചേർന്നാണ് നിർമാണം.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഷോർട്ട് ഫിലിം ഒരുക്കിയാണ് സിനിമ മോഹങ്ങൾക്ക് തുടക്കം. ഡിഗ്രി ഒന്നാംവർഷം പെയിൻ ഓഫ് ലെസ് എന്ന ഷോർട്ട് ഫിലിം ഒരുക്കി. മികച്ച അഭിപ്രായം ലഭിച്ചത് പ്രചോദനമായി. 18 സിനിമകളിൽ സ്പോട്ട് എഡിറ്ററായി. രണ്ടു വർഷം മുമ്പ് ഖബർ എന്ന ഹ്രസ്വചിത്രം ചെയ്തു.
അതിനു ശേഷമാണ് ട്യൂഷൻ വീട് ഒരുക്കിയത്. പിന്നാലെ സിനിമയും. രണ്ടു മാസം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടണേയെന്ന ആഗ്രഹത്താലാണ് അപേക്ഷിച്ചത്. മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തപ്പോൾ ഇരട്ടിമധുരമായി. മേളയ്ക്ക് പിന്നാലെ ചിത്രം തിയറ്ററിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഇന്നത്തെ സിനിമയിൽ നല്ല കഥകൾ കുറയുന്നു എന്ന പരാതിയുണ്ടല്ലോ
• ഒരിക്കലും അല്ല. ഇന്നത്തെ സിനിമകൾ കണ്ടാണ് ഞാനും സിനിമാക്കാരനാകാൻ മോഹിച്ചത്. നമുക്ക് ചുറ്റിലുമുള്ള കഥകളാണ് സിനിമകളായി വരുന്നത്. അതിനൊരിക്കലും പഞ്ഞമുണ്ടാകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.