ഹോളിവുഡ് ഫ്രാഞ്ചൈസ് 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൽ' ഇനി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും; വൈറലായി ചിത്രങ്ങൾ
text_fieldsടൈറീസ് ഗിബ്‌സൺ പങ്കുവച്ച ചിത്രം
ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസിയായ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ' ഭാഗമാകാൻ ഒരുങ്ങി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ഫാസ്റ്റ് എക്‌സ്: പാർട്ട് 2'ലാകും റൊണാൾഡോ എത്തുക. ഇൻസ്റ്റാഗ്രാമിൽ വിൻ ഡീസലും റൊണാൾഡോയും തംബ്സ് അപ്പ് കാണിച്ച് നിൽക്കുന്ന ഒരു ചിത്രം നേരത്തെ വൈറലായതിനു പിന്നാലെ നിരവധി ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാലിപ്പോൾ ഫുട്ബോൾ താരം സിനിമയിൽ ഉണ്ടാകുമെന്ന് വെളിപെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ടൈറീസ് ഗിബ്‌സൺ ആണ് ചിത്രം പങ്കുവെച്ചത്. 'കുടുംബത്തിലേക്ക് സ്വാഗതം' എന്നാണ് റൊണാൾഡോയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഗിബ്‌സൺ കുറിച്ചത്. 2027 ഏപ്രിലിൽ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്‌ഡേറ്റ് ഫുട്‌ബോൾ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമ താരവും നിർമാതാവുമായ വിൻ ഡീസലാണ് റൊണാൾഡോ ചിത്രത്തിലുണ്ടാകുമെന്ന് ആദ്യസൂചന നൽകിയത്. ചിത്രത്തിൽ റൊണാൾഡോയ്ക്കായുള്ള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്. മുമ്പ് ഒരു ഫീച്ചർ ഫിലിമിലും അഭിനയിച്ചിട്ടില്ലെങ്കിലും, കായികരംഗത്തിനപ്പുറം വിനോദ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിൽ റൊണാൾഡോ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കായികതാരം-നടൻ ക്രോസ്ഓവറുകളിൽ ഒന്നായിരിക്കും ഇത്. വേഗത, കായികക്ഷമത, സാഹസികത എന്നിവക്ക് ഊന്നൽ നൽകുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസി റൊണാൾഡോയുടെ ആഗോള ബ്രാൻഡിനും പ്രതിച്ഛായക്കും ചേരുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ കഥാപാത്രം ഒരു കാമിയോ ആണോ അതോ കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രമാണോ എന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

