‘പ്രേമലു നന്ദിലു’; ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ച് ഫഹദ്
text_fieldsഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ‘ഭാവന സ്റ്റുഡിയോസ്’ നിർമിക്കുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘കരാട്ടെ ചന്ദ്രൻ’ എന്നാണ് ചിത്രത്തിന്റെ പേര്.
പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ് കരാട്ടെ ചന്ദ്രൻറെ സ്ക്രിപ്റ്റും കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങളും പങ്കുവെച്ചത്. കരാട്ടെ അഭ്യസിക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണുന്നത്. റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് എസ് ഹരീഷ് , വിനോയ് തോമസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലനും മമിതയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിർമാണം.

