Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡിനോട്​ മഹേഷിൻെറ ...

കോവിഡിനോട്​ മഹേഷിൻെറ 'പ്രതികാരം'-കൈയടിക്കാം 'സീ യൂ സൂണി'ന്​

text_fields
bookmark_border
കോവിഡിനോട്​ മഹേഷിൻെറ പ്രതികാരം-കൈയടിക്കാം സീ യൂ സൂണിന്​
cancel

ഒരു ചാറ്റിങ്​ നടത്തുന്നതുപോലെ, വിഡിയോ കോൾ ചെയ്യുന്നതുപോലെ ഒരു സെക്കൻറ്​ പോലും സ്​ക്രീനിൽ നിന്ന്​ കണ്ണെടുക്കാൻ തോന്നാതെ കണ്ടുതീർക്കാവുന്ന ദൃശ്യാനുഭവം. മഹേഷ്​ നാരായണൻ-ഫഹദ്​ ഫാസിൽ കൂട്ടുകെട്ടിൻെറ 'സീ യൂ സൂൺ' പക്ഷേ, മലയാള സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഇങ്ങനെ മാത്രമാകില്ല. അതിജീവനത്തിൻെറയും ആത്​മവിശ്വാസത്തിൻെറയും അടയാളമായും പൂർണമായും കോവിഡ്​ കാലത്തെ പരിമിതിക്കുള്ളിൽ നിന്ന്​ ചിത്രീകരിച്ച പരീക്ഷണ ചിത്രമായ 'സീ യു സൂൺ' ഗണിക്കപ്പെടും. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന മഹേഷ്​​-ഫഹദ്​ ചിത്രമായ 'മാലിക്ക്​' തിയറ്ററിലെത്തുന്നതിന്​ തൊട്ടുമുമ്പാണ്​ കോവിഡ്​ വില്ലനായെത്തുന്നത്​. തീയറ്ററുകൾ അടച്ചിടപ്പെട്ടപ്പോൾ 'മാലിക്കി'ൻെറ റിലീസ്​ നീണ്ടുപോയെങ്കിലും പരിമിതികളെ ചെറുത്ത്​ തോൽപ്പിച്ച്​ ഇതേ ടീം ഓണം റിലീസായി ആമസോൺ പ്രൈമിലൂടെ 'സീ യൂ സൂൺ' പ്രേക്ഷകരിലെത്തിക്കുകയായിരുന്നു. ശരിക്കും കോവിഡിനോടുള്ള മഹേഷിൻെറ 'പ്രതികാരം' കൂടിയായി അത്​.

ഇന്ത്യയിൽ അപൂർവമായ കമ്പ്യൂട്ടർ സ്ക്രീൻ ബേസ്​ഡ്​ സിനിമ എന്ന ആശയത്തിൽ ഒരുക്കിയ സിനിമ പ്രമേയത്തിൻെറ ഗൗരവും കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും മികച്ചു നിൽക്കുന്നെന്ന്​ നിസ്സംശയം പറയാം. ആഖ്യാനശൈലിയുടെ പ്രത്യേകത കാരണം ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്​തതും ശരിയായ തീരുമാനമായി. കഥാപാത്രങ്ങൾ ചാറ്റിങിൽ ഉപയോഗിക്കുന്ന വാക്കുകൾ സിനിമയിൽ ഏ​റെ നിർണായകമാണ്​. തീയറ്ററിൽ കാണുന്ന ഒരു പ്രേക്ഷകന്​ അത്​ പിന്തുടരാനാകാതെ വന്നാൽ കാഴ്​ചയുടെ രസച്ചരട്​ മുറിയുകയും ചെയ്യും. അതുകൊണ്ട്​ തന്നെ പോസ്​ ചെയ്​തും റീപ്ലേ ചെയ്​തുമൊക്കെ കാണാൻ കഴിയുമെന്ന സൗകര്യം ഒ.ടി.ടി റിലീസെന്ന തീരുമാനത്തെ ശരിവെക്കുന്നു. എല്ലാത്തരം പ്രേക്ഷകരിലേക്കും കടന്ന് ചെല്ലാൻ സാധിക്കില്ല എന്ന വസ്​തുത അംഗീകരിച്ചാൽ തന്നെ, പ്രണയവും വിരഹവും വൈകാരികതയും ത്രില്ലുമെല്ലാമടക്കം കൊമേഴ്​സ്യൽ സിനിമയുടെ ചേരുവകളെല്ലാം വേറിട്ട പാറ്റേണിലൂടെ അനുഭവിപ്പിക്കാൻ 'സീ യൂ സൂണി'ന്​ കഴിഞ്ഞിട്ടുണ്ട്​.

പ്രധാനമായും മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ്​ സിനിമ മുന്നോട്ട് പോകുന്നത്. കഥ അവരിലേക്ക് മാത്രമായി ഒതുക്കാൻ വിഡിയോ കോൾ/സ്ക്രീൻ ഗ്രാബ് ഫോർമാറ്റിലുള്ള ആവിഷ്​കാര രീതി സഹായിച്ചിട്ടുമുണ്ട്​. ദുബൈയിൽ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ (റോഷൻ മാത്യു) ഓൺലൈൻ ഡേറ്റിങ്​ ആപ്പിലൂടെ അനു സെബാസ്​റ്റ്യനെ (ദർശന രാജേന്ദ്രൻ) പരിചയപ്പെടുന്നിടത്ത്​ നിന്നാണ്​ സിനിമ തുടങ്ങുന്നത്​. ചാറ്റിലൂടെ ഇവർ പ്രണയത്തിലാകുന്നു. അമേരിക്കയിൽ താമസിക്കുന്ന അമ്മ മേരിയുടെ (മാലാ പാർവതി) വെർച്വൽ സാന്നിധ്യത്തിൽ തന്നെ ജിമ്മി അവളോട്​ വിവാഹാഭ്യർഥന നടത്തുന്നു. അനുവിനെ കുറിച്ച്​ അന്വേഷിക്കാൻ ബന്ധുവും സൈബർ സെക്യൂരിറ്റി വിദഗ്​ധനുമായ കെവിൻ തോമസിനെ​ (ഫഹദ്​ ഫാസിൽ) ആണ്​ മേരി ഏൽപ്പിക്കുന്നത്​. കെവിൻ നല്ല അഭിപ്രായം പറയുന്നതോടെ അമ്മ ജിമ്മിയുടെയും അനുവിൻെറയും വിവാഹത്തിന്​ സമ്മതം മൂളുന്നു. തുടർന്ന്​ ആകസ്​മികമായുണ്ടാകുന്ന ചില സംഭവങ്ങൾ കാരണം ജിമ്മിക്കും അനുവിനും വിവാഹത്തിന്​ മു​േമ്പ ഫ്ലാറ്റിൽ ഒരുമിച്ച്​ താമസിക്കേണ്ടി വരുന്നു. ഒരാഴ്​ചക്കുശേഷം അനു അപ്രത്യക്ഷയാകുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. ജിമ്മി സംശയത്തിൻെറ നിഴലിലാകുകയും പൊലീസ്​ കസ്​റ്റഡിയിലെടുക്കുകയും ചെയ്യുന്നു. എന്താണ്​ അനുവിന്​ സംഭവിച്ചതെന്നറിയാനും ​ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ്​ സിനിമ പുരോഗമിക്കുന്നത്​. ​

ഐ ഫോൺ, പാനാസസോണിക്​ 4K കാമറ, ഗോപ്രോ എന്നിവയെല്ലാം ഉപയോഗിച്ചുള്ള ചിത്രീകരണത്തിൻെറ ദൃശ്യഭംഗിപരമായ പരിമിതികൾ കാമ്പുള്ള തിരക്കഥയിലൂടെ മറികടക്കാൻ മഹേഷ്​ നാരായണന്​ കഴിഞ്ഞിട്ടുണ്ട്​. നിഗൂഢതയും വൈകാരികതയും കൊണ്ട്​ പ്രേക്ഷകനെ സിനിമയിൽ പിടിച്ചിരുത്താനുള്ള രചനാ മികവ്​ മഹേഷ്​ കാട്ടിയിട്ടുണ്ട്​. എഴുത്തിലും സംവിധാനത്തിലും മാത്രമല്ല, എഡിറ്റിങ്​ അടക്കം പുത്തൻ സാ​ങ്കേതിക മേഖലകളിലേക്കുള്ള മഹേഷ്​ നാരായണൻെറ 'ടേക്ക് ഓഫും' സിനിമയിൽ കാണാം. പ്രധാനമായും അനിമേഷൻ സിനിമകളിൽ ഉപയോഗിക്കുന്ന വെർച്വൽ സിനിമോ​​ട്ടോഗ്രഫിയുടെ സാധ്യതയും സിനിമ തുറന്നു തരുന്നുണ്ട്​. വെർച്വൽ സിനിമോ​​ട്ടോഗ്രഫി കൈകാര്യം ചെയ്​തിരിക്കുന്നത്​ മഹേഷ്​ തന്നെയാണ്​.

കഥാപാത്രങ്ങളുടെ സെൽഫി ഫ്രെയിമുകളിലൂടെയാണ്​ അധിക സമയവും സിനിമ സഞ്ചരിക്കുന്നത്​. അതുകൊണ്ട്​ തന്നെ പ്രേക്ഷകനുമായാണ്​ താൻ വിഡിയോ കോളിലൂടെ സംസാരിക്കുന്നത്​ എന്ന്​ തോന്നിപ്പിക്കേണ്ട ബാധ്യത ഫഹദും റോഷനും ദർശനയുമെല്ലാം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്​. ഐടി പ്രഫഷണലിൻെറ സമ്മർദങ്ങളിലേക്കും ഒരു മനുഷ്യൻെറ വൈകാരികതയിലേക്കും രക്ഷകൻെറ ജാഗ്രതയിലേക്കും അനായാസം രൂപം മാറാൻ ഫഹദിന്​ കഴിഞ്ഞു. തൻെറ കരിയറിലെ ഏറ്റവും മികച്ച വേഷം മനോഹരമായി അവതരിപ്പിക്കുന്നതിൽ​ ദർശന രാജേന്ദ്രനും വിജയിച്ചു. പ്രണയം, നിസ്സഹായത, അതിജീവനം തുടങ്ങി അനു നേരിടേണ്ടി വരുന്ന എല്ലാ സ​ന്ദർഭങ്ങളും ദർശനയിൽ ഭദ്രമായി. മൂത്തോൻ, കപ്പേള, ചോക്ക്​ഡ്​ തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയ റോഷൻ മാത്യുവിൻെറ മിന്നുന്ന പ്രകടനം ജിമ്മിയിൽ കാണാം. മാലാ പാർവതി, സൈജു കുറുപ്പ്​, കോട്ടയം രമേശ്​, അമാൽഡ എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സബിനാണ് ഛായാഗ്രഹണം.

കാണാതായ മകളെ അന്വേഷിക്കുന്ന പിതാവിൻെറ കഥ പുറയുന്ന 'സെർച്ചിങ്​' എന്ന സിനിമ പ്രചോദനമായിട്ടുണ്ടെങ്കിലും അതി​ൻെറ നിഴൽ വിമർശിക്കത്തക്ക വിധം സിനിമയിൽ പതിയാതിരിക്കാനുള്ള ചേരുവകൾ ഒരുക്കുന്നതിൽ മഹേഷ്​ നാരായണൻ ശ്രദ്ധ കാട്ടിയിട്ടുണ്ട്​. 'സെർച്ചിങ്​' മാത്രമല്ല, 'അൺഫ്രണ്ടഡ്​', 'ലവ്​ സെക്​സ്​ ആൻഡ്​ ധോക്ക' തുടങ്ങിയ സിനിമകൾ മുന്നോട്ടുവെച്ചിട്ടുള്ള നവീന ആഖ്യാന രീതി പിൻപറ്റി മലയാള സിനിമക്ക്​ സാധ്യതകളുടെ പുതിയൊരു വഴി തുറന്നുകൊടുക്കുന്നതിൽ 'സീ യൂ സൂൺ' വിജയിച്ചിട്ടുമുണ്ട്​.


Show Full Article
TAGS:malayalam movie c u soon C U Soon fahad fazil nazriya nazim mahesh narayanan 
Web Title - Fahad Fazil film 'C U SOON' is an eye-grabber
Next Story