കൊൽക്കത്ത മേളയിൽ മലയാള ചിത്രം “സത്യപ്പുല്ലി'ന് പ്രദർശനവിലക്ക്: ബംഗാളിന്‍റെ രാഷ്ട്രീയ തകർച്ചയുടെ സൂചനയെന്ന് സംവിധായകൻ
text_fieldsകൊൽക്കത്ത: ലോക ചലച്ചിത്ര മേളയിൽ മലയാള ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു. രാംദാസ് കടവല്ലൂരിന്‍റെ 'സത്യപ്പുല്ല്: ദി മാജിക്കൽ ഗ്രാസ്' എന്ന ചിത്രത്തിന്‍റെ പ്രദർശനമാണ് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് മുടങ്ങിയത്. 13 വരെ നീളുന്ന മേളയിൽ ബുധനാഴ്ചയാണ് ചിത്രത്തിൻ്റെ പ്രദർശനം നിശ്ചയിച്ചിരുന്നത്. മേള നടക്കുന്ന 'നന്ദനി'ൽ ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ വാർത്താവിതരണ മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമുള്ളത് കൊണ്ടാണ് പ്രദർശിപ്പിക്കാൻ കഴിയാത്തതെന്നാണ് ഫെസ്റ്റിവൽ സംഘാടകരായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ പറയുന്നത്. ജൂറി അംഗങ്ങൾ ചിത്രം കാണുമെന്നും അറിയിച്ചു.
എന്നാൽ മന്ത്രാലയം അനുമതി നൽകാത്തതിന് കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് രാംദാസ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമക്ക് കൊൽക്കത്തിയിലെത്തിയപ്പോൾ അനുമതി നിഷേധിക്കപ്പെട്ടത് ബംഗാളിന്‍റെ രാഷ്ട്രീയ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊപ്പഗണ്ട സിനിമകൾക്കാണ് സർക്കാർ പിന്തുണ നൽകുന്നതെന്നും ബംഗാളിൽ നിന്ന് ഇപ്പോൾ വരുന്ന സിനിമകളുടെ സ്വഭാവത്തില്‍ നിന്ന് ഇത് മനസിലാക്കാമെന്നും അദ്ദേഹം മാധ്യമം ഓൺലൈനോട് പ്രതികരിച്ചു.
കഴിഞ്ഞവർഷം കേരളത്തിലെ രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേളയിൽ “സത്യപ്പുല്ല്' പ്രദർശിപ്പിച്ചിരുന്നു. ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍റെ 'സൈൻസ് മേളയിൽ 'സിനിമ ഓഫ് റസിസ്റ്റൻസ്' വിഭാഗത്തിൽ ജൂറി പുരസ്കാരം നേടി. ചിത്രം നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. റഷീദ നസ്രിയ എന്ന യുവതിയുടെ അനുഭവങ്ങൾ, വിഷാദരോഗവുമായുള്ള അവരുടെ പോരാട്ടങ്ങൾ, പ്രണയജീവിതം, നിരീക്ഷണങ്ങൾ എന്നിവയാണ് ഇതിന്റെ പ്രമേയം. റഷീദയുടെ കുറിപ്പുകൾ, കവി അൻവർ അലിയുടെ 'ഐഡി കാർഡ്', 'മെഹബൂബ് എക്സ്പ്രസ്' എന്നീ കവിതകൾ, കൂടാതെ അഭയാർഥി ജീവിതത്തെയും നിർബന്ധിത പലായനത്തെയും പ്രതീകവൽക്കരിക്കുന്ന ട്രെയിൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയിട്ടില്ലെന്നും മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് ലോക ചലച്ചിത്ര മേളയുടെ കോർഡിനേറ്ററും ചലച്ചിത്ര നിരൂപകനുമായ പ്രേമേന്ദ്ര മജുംദാർ മറുപടി നൽകിയിരിക്കുന്നത്. സിനിമയുടെ പൊതുപ്രദർശനത്തിന് അനുമതി നിർബന്ധമാണ്. മുമ്പൊക്കെ ഇത്തരം അനുമതികൾ വേഗത്തിൽ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ പലപ്പോഴും മേള കഴിഞ്ഞതിന് ശേഷമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

