മൾട്ടിപ്ലക്സ് സിനിമ തിയറ്ററുകളിലെ അമിത ടിക്കറ്റ് നിരക്ക്: സമിതിയെ നിയോഗിച്ചതായി സർക്കാർ
text_fieldsകൊച്ചി: മൾട്ടിപ്ലക്സ് സിനിമ തിയറ്ററുകളിലെ അമിത ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധനക്ക് സമിതിയെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ. വിശദ പഠനം ആവശ്യമുള്ള വിഷയമായതിനാലാണ് ജൂലൈ 26ലെ ഉത്തരവ് പ്രകാരം ഏഴംഗ സമിതിയെ നിയമിച്ചത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി സമിതി ചർച്ച നടത്തും. വിഷയത്തിൽ നയപരമായ തീരുമാനമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.
സമിതിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയണമെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, സമിതി രൂപവത്കരിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി. ബന്ധപ്പെട്ടവരുമായി സമിതി ചർച്ച നടത്തണമെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് 1958ലെ കേരള സിനിമാസ് (റെഗുലേഷൻ) നിയമവും ചട്ടവും സംസ്ഥാനത്ത് നിലവിലുണ്ട്. സ്കീം പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളാണ് ലൈസൻസ് നൽകുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി. സിനിമ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശി ജി. മനു നായരാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

