ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണെന്നൊക്കെ പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു- മമ്മൂട്ടി
text_fieldsനമ്മുടെ സാമൂഹിക മൂലധനം എന്ന് പറയുന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണ് എന്നു പറയുകയാണ് ഒരിടവേളക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട മലയാളികളുടെ സ്വന്തം മമ്മൂട്ടി. ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന താരം ഈയിടെയാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
സ്നേഹത്തിന്‍റെയും പരസ്പ വിശ്വാസത്തിന്‍റെയും അനുഭവം തന്നെയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എനിക്ക് വേണ്ടി പ്രാർഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാർഥിക്കുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്ന് തന്നെ പറയുന്നു അദ്ദേഹം.
അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്. എന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗർവ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട്". - മമ്മൂട്ടി പറഞ്ഞു.
ചികിത്സ കഴിഞ്ഞ് അസുഖം പൂർണമായും ഭേദമായതിന് ശേഷം കാമറക്ക് മുന്നിലെത്തിയ മമ്മൂട്ടി തന്നോട് ആളുകൾക്കുള്ള സ്നേഹത്തെക്കുറിച്ചാണ് മനസുതുറന്നത്. താൻ അഹങ്കാരിയാണെന്ന് പറഞ്ഞവർ പോലും തനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മനോരമ ഹോർത്തൂസ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
നമ്മുടെ എല്ലാ ദുരിതങ്ങളിലും എല്ലാ ആപത്തുകളിലും നമ്മൾ നമ്മളെ തന്നെ ആശ്രയിക്കുന്നതാണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്.ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനക്ക് ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

