നായികാ വേഷത്തിനൊപ്പം നിർമാണവും; 'ഏക് ദുആ'യുമായി ഇഷ ഡിയോൾ എത്തുന്നു
text_fieldsമുംബൈ: ബോളിവുഡ് നടി ഇഷ ഡിയോളും ഭർത്താവ് ഭരത് തഖ്താനിയും നിർമാതാക്കളാകുന്ന 'ഏക് ദുആ' ജൂലൈ 26ന് റിലീസ് ചെയ്യും. രാം കമൽ ബാനർജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഇഷ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലറും പോസ്റ്ററും ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
'ആളുകെള രസിപ്പിക്കുക മാത്രമല്ല, അറിവു നൽകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സിനിമയുടെ ഭാഗമാകുകയെന്നത് സന്തോഷകരമാണ്. ഏക് ദുആയുടെ ആശയം എന്നെ ഏറെ സ്പർശിച്ചു. രണ്ടു പെൺകുട്ടികളുടെ അമ്മയെന്ന നിലക്ക് പ്രത്യേകിച്ചും. അതുകൊണ്ടാണ്, സിനിമയിൽ കേവലമൊരു നടിയെന്ന നിലയിൽ ഭാഗമാകുന്നതിനു പകരം നിർമാതാവെന്ന നിലയിൽ എന്‍റെ സഹകരണം വിപുലപ്പെടുത്താൻ നിശ്ചയിച്ചത്.' -ഇഷ ഡിയോൾ പറയുന്നു. ചിത്രത്തിൽ ഒരു മുസ്ലിം സ്ത്രീയുടെ വേത്തിലാണ് ഇഷ അഭിനയിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ എന്‍റെ രണ്ടു പെൺമക്കളുടെ പരിചരണവുമായി തിരക്കിലായിരുന്നു. അവരാണെന്റെ ജീവിതത്തിലെ വലിയ അനുഗ്രഹം. സിനിമയിൽ തിരിച്ചെത്തണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടായിരുന്നു. അതേസമയം, അത് വേറിട്ട രീതിയിലാകണമെന്നും തോന്നിയിരുന്നു. മക്കൾ വളർന്നു കഴിഞ്ഞ ഈ സമയത്ത് വളരെ നല്ല പ്രൊജക്ടുകൾ എനിക്കു മുമ്പാകെ വരുന്നുണ്ട്. ഇതാണ് കാമറക്കുമുന്നിൽ വരാൻ പറ്റിയ സമയമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് എന്നെ ഏറെ ആകർഷിച്ച 'ഏക് ദുആ'യിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നത്' - ധർമേന്ദ്ര-ഹേമമാലിനി താരദമ്പതികളുടെ മകളായ ഇഷ പറഞ്ഞു. ജൂലൈ 26ന് വൂട്ട് സെലക്ടിലൂടെ ഡിജിറ്റലായാണ് സിനിമ റിലീസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

