മികച്ച പരിസ്ഥിതി ചിത്രം; 'ലൈഫ് ഓഫ് മാൻഗ്രോവ്' തിയറ്ററുകളിലേക്ക്
text_fieldsകാൻസറിനോട് പൊരുതി ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവും വിഷയമാകുന്ന സിനിമയാണ് 'ലൈഫ് ഓഫ് മാൻഗ്രോവ്'. ചിത്രം ജൂൺ ആറിന് തിയറ്ററിൽ എത്തുകയാണ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് 'ലൈഫ് ഓഫ് മാൻഗ്രോവ്'.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് എൻ. എൻ. ബൈജു ആണ്. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി. വി. ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണിത്. രാജേഷ് ക്രോബ്രാ, സുധീർ കരമന, ദിനേഷ് പണിക്കർ, നിയാസ് ബക്കർ, ഗാത്രി വിജയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്ഷ്ബിൻ എന്ന കുട്ടി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന പെൺകുട്ടി. കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും വരക്കുന്ന ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും, അത് നട്ടു വളർത്തിയ ചാത്തനും പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും തൻറെ എല്ലാമെല്ലാമായ അച്ഛനും പ്രിയപ്പെട്ട കൂട്ടുകാരും എല്ലാം ഉൾപ്പെടുന്നു. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർസാക്ഷ്യങ്ങൾ ആകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

