എമ്പുരാൻ; മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം, തമിഴ്നാട്ടിലും പ്രതിഷേധം
text_fieldsചെന്നൈ: എമ്പുരാൻ സിനിമക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്ന രംഗങ്ങൾ ഉണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ കർഷകസംഘമാണ് പ്രതിഷേധിച്ചത്. എമ്പുരാനിലെ ചില രംഗങ്ങളിൽ മുല്ലപെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാർ പ്രകാരം തമിഴ്നാടിനുള്ള താല്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങളുണ്ടെന്നും കർഷക സംഘം ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ, നിർമ്മാതാവായ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കമ്പത്തെയും തേനിയിലെയും ധനകാര്യ സ്ഥാപനങ്ങൾ ഉപരോധിക്കാനാണ് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘത്തിന്റെ നീക്കം. അണക്കെട്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സിനിമ ബഹിഷ്‌ക്കരിക്കണമെന്നും സംഘടന പറഞ്ഞു.
ഇതിനിടയിൽ ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ സിനിമ മികച്ച പ്രതികരണം നടത്തി മുന്നേറുകയാണ്. വിവാദങ്ങൾക്കിടയിൽ ചിത്രം 200 കോടി ക്ലബ്ബിലെത്തി. ആശിർവാദ് സിനിമാസാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. കൂടാതെ സിനിമ 200 കോടി കടന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, വിവാദങ്ങളെ തുടർന്ന് എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തിയേറ്ററിൽ എത്തും. സംഘ പരിവാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് അവധി ദിവസങ്ങളിലും സെൻസർ ബോർഡ് അംഗങ്ങൾ വന്നു റീ എഡിറ്റിങ് നടത്തുകയായിരുന്നു. സിനിമ വിവാദമായതോടെ സൂപ്പർ താരം മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

