ജയസൂര്യയെ വിടാതെ ഇ.ഡി; മൂന്നാമതും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
text_fieldsകൊച്ചി: സേവ് ബോക്‌സ് ആപ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് നൽകി. ജനുവരി ഏഴിന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ കഴിഞ്ഞ ദിവസം നടനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ്ചോദ്യം ചെയ്തത്. രണ്ടു ഘട്ടങ്ങളിലായി പത്ത് മണിക്കൂറിലേറെ ജയസൂര്യയെ ഇ.ഡി ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇതിലെ മൊഴികൾ പരിശോധിച്ച ശേഷമാണ് അടുത്തഘട്ടത്തിലെ ചോദ്യം ചെയ്യല്‍.
ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. കേസിൽ സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാദിഖുമായുള്ള ജയസൂര്യയുടെ സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി.
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ. രണ്ട് കോടിയോളം രൂപ ജയസൂര്യക്ക് നൽകിയെന്നാണ് പറയുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് ജയസൂര്യക്കടക്കം നല്‍കിയതെന്നാണ് ഇ.ഡിയുടെ നിഗമനം. ജയസൂര്യയുടെ ഭാര്യ സരിതയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാദിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളാണ് ജയസൂര്യയോട് ഇ.ഡി പ്രധാനമായും ചോദിച്ചറിയുന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാം എന്നായിരുന്നു വാഗ്ദാനം. ലേലത്തിനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഇങ്ങനെ കോയിനുകള്‍ വാങ്ങിയവരുടെ പണം തട്ടിയെടുത്തു എന്നാണ് പരാതി. സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികൾ വാഗ്ദാനം ചെയ്തും സാദിഖ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

