മലയാളത്തിലേക്ക് ദുൽഖറിന്റെ വമ്പൻ തിരിച്ചുവരവ്; ആക്ഷൻ പാക്ക്ഡായി 'ഐ ആം ഗെയിം'!
text_fieldsദുൽഖർ സൽമാൻ സിനിമയിൽ എത്തിയിട്ട് 14 വർഷം തികയുന്ന വേളയിൽ ദുൽഖർ ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ഐ ആം ഗെയിം' വരുന്നു. ചിത്രം 2026 ഓണത്തിന് തിയറ്ററുകളിലെത്തുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് പ്രഖ്യാപനത്തിനൊപ്പം ദുൽഖറിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മുഖത്ത് മുറിവേറ്റ പാടുകളുമായി, രക്തം പുരണ്ട കയ്യിൽ തോക്കുമായി നിൽക്കുന്ന ദുൽഖറിന്റെ ലുക്ക് ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.
'ആർ.ഡി.എക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നഹാസിന്റെ കഥക്ക് ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ, സജീർ ബാബ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരാണ് സംഭാഷണം. കാമറ ജിംഷി ഖാലിദും സംഗീതം ജേക്സ് ബിജോയും എഡിറ്റിങ് ചമൻ ചാക്കോയും ആക്ഷൻ അൻബറിവുമാണ് നിർവഹിക്കുന്നത്.
കബാലി, കെ.ജി.എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് ആണ് ഐ ആം ഗെയിമിന് വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. ആർ.ഡി.എക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ് ടീം വീണ്ടും നഹാസിനൊപ്പം ഇതിലൂടെ ഒന്നിക്കുന്ന ചിത്രമാണിത്.
ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ തമിഴ് സംവിധായകൻ മിഷ്കിൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കതിർ, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരാണ് മറ്റ് താരങ്ങൾ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2023ലെ 'കിങ് ഓഫ് കൊത്ത'ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.
ഒരു വലിയ ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. തമിഴ് ചിത്രം 'കാന്താ', തെലുങ്ക് ചിത്രങ്ങളായ 'ആകാശത്തിലോ ഒക താര', 'ഡിക്യു 41' എന്നിവയാണ് ദുൽഖറിന്റെ മറ്റ് പുതിയ പ്രോജക്റ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

