Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോക്സ് ഓഫീസിൽ കിതച്ച് ദുൽഖറിന്റെ 'അയാം ഗെയിം'; എട്ടാം ദിന കളക്ഷനിൽ 52 ശതമാനം ഇടിവ്

text_fields
bookmark_border
ബോക്സ് ഓഫീസിൽ കിതച്ച് ദുൽഖറിന്റെ അയാം ഗെയിം; എട്ടാം ദിന കളക്ഷനിൽ 52 ശതമാനം ഇടിവ്
cancel

കൊച്ചി: മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ദുൽഖർ സൽമാൻ ചിത്രം 'അയാം ഗെയിം' ബോക്സ് ഓഫീസിൽ കിതയ്ക്കുന്നു. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രത്തിന്റെ എട്ടാം ദിന കളക്ഷനിൽ 52 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വെറും 50 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 30 കോടി ക്ലബ്ബിൽ ഇടം നേടാൻ പോലും ചിത്രം ഏറെ പാടുപെടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്രേഡ് അനലിസ്റ്റുകളായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ വാരാന്ത്യത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ചിത്രം പിന്നീട് വലിയ തകർച്ചയാണ് നേരിട്ടത്. ശനി, ഞായർ ദിവസങ്ങളിൽ 4.35 കോടി രൂപ വീതം നേടിയ ചിത്രം ആദ്യ തിങ്കളാഴ്ച 1.50 കോടിയിലേക്ക് കൂപ്പുകുത്തി. ചൊവ്വാഴ്ച 1.25 കോടിയും ബുധനാഴ്ച 1.05 കോടിയുമായിരുന്നു കളക്ഷൻ. വ്യാഴാഴ്ച ഇത് 50 ലക്ഷമായി ചുരുങ്ങി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 27.20 കോടി രൂപയും നെറ്റ് കളക്ഷൻ 23.30 കോടി രൂപയുമായി.

ദുൽഖറിന്റെ മുൻ മലയാള ചിത്രമായ 'കിങ് ഓഫ് കൊത്ത'യുടെ ആഭ്യന്തര കളക്ഷനെ മറികടക്കാൻ 'അയാം ഗെയിമി'ന് സാധിച്ചിട്ടുണ്ടെങ്കിലും, ബോക്സ് ഓഫീസിലെ മറ്റ് ഹിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രം ഏറെ പിന്നിലാണ്. നിവിൻ പോളി നായകനായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇതിനകം 133 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. ഓണം റിലീസായി പൃഥ്വിരാജിന്റെ 'ഖലീഫ: ദി റൂളർ', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നിവയ്‌ക്കൊപ്പം തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന 'അയാം ഗെയിം' പിന്നീട് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റുകയായിരുന്നു.

സൂപ്പർഹിറ്റായ 'ആർ.ഡി.എക്സി'ന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാന്റസി ആക്ഷൻ ത്രില്ലറാണ് 'അയാം ഗെയിം'. ചൂതാട്ടത്തിൽ താല്പര്യമുള്ള, എപ്പോഴും അപകടകരമായ റിസ്ക് എടുക്കാൻ ഇഷ്ടപ്പെടുന്ന ഡാൻ ജോൺ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, കയാഡു ലോഹർ, മിഷ്കിൻ, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan’s 'I Am Game' Box Office Collections Decline on Day 8
Next Story