'ഡിക്യു41'ന് ഹൈദരാബാദിൽ തുടക്കം; ആദ്യ ക്ലാപ്പ് അടിച്ച് നാനി
text_fieldsദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. സംവിധായകൻ ബുച്ചി ബാബു സന സ്വിച്ച് ഓൺ കര്‍മം നിര്‍വഹിച്ചു.
നാനി, ഗുന്നം സന്ദീപ്, രമ്യ ഗുന്നം എന്നിവർ ചേർന്ന് സിനിമയുടെ തിരക്കഥ അണിയറപ്രവർത്തകർക്ക് കൈമാറി. ഹൈദരാബാദിൽ നിരവധി വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.
ദുല്‍ഖറിന്‍റെ കരിയറിലെ 41ാം ചിത്രമായതിനാൽ ഇതിന്‍റെ വര്‍ക്കിങ് ടൈറ്റില്‍ 'ഡിക്യു41' എന്നാണ്. മാനുഷിക വികാരങ്ങളുമായി ഇഴചേർന്ന ഒരു സമകാലിക പ്രണയകഥയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം തിയറ്ററുകളില്‍ എത്തും.
എസ്.എല്‍.വി സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരിയാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി പ്രകാശ് കുമാറാണ്. എസ്.എല്‍.വി സിനിമാസിന്‍റെ പത്താമത്തെ ചിത്രമാണിത്. അനയ് ഓം ഗോസ്വാമി ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
അതേസമയം 'കാന്ത' ആണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. 1950 കാലത്തെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘ദ ഹണ്ട് ഫോർ വീരപ്പൻ’ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്.
തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുഗ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു ഹൊറർ സിനിമയുടെ ചിത്രീകരണത്തിനായി ഒരുങ്ങുന്ന ഒരു സിനിമ സംഘത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്‍റെ കഥാതന്തു എന്നാണറിയുന്നത്.
തമിഴ് സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ടീസർ ദുൽഖർ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 12ന് കാന്ത തിയറ്ററുകളിൽ എത്തും.
ദുൽഖറിന് പുറമെ, സമുദ്രക്കനി, ഭാഗ്യശ്രീ ഭോർസെ, റാണ ദഗ്ഗുബതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെതന്നെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, തെലുഗ് താരം റാണ ദുഗ്ഗബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവയാണ് നിർമാതാക്കൾ. ജാനു ചന്തറാണ് സംഗീതം. ലെവ്ലിൻ ആന്റണി ഗോൺസാൽവസാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

