തർക്കം പരിഹരിച്ചു; ഇളയരാജക്ക് 50 ലക്ഷം, ഡ്യൂഡിൽ ഇനി പാട്ടുകൾ ഉപയോഗിക്കാം
text_fieldsഡ്യൂഡ് എന്ന സിനിമയിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലി സംഗീത സംവിധായകൻ ഇളയരാജയുമായുള്ള തർക്കം പരിഹരിച്ച് ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ്. തന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയിൽ പാട്ടുകൾ ഉപയോഗിച്ചതെന്ന് ഇളയരാജ ആരോപിച്ചിരുന്നു.
പ്രദീപ് രംഗനാഥൻ അഭിനയിച്ച ചിത്രത്തിൽ ഇളയരാജയുടെ നൂറ് വര്‍ഷം, കറുത്ത മച്ചാൻ എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാൽ നിർമാതാക്കൾ അദ്ദേഹത്തിന് 50 ലക്ഷം രൂപ നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഒത്ത രൂപ, ഇളമൈ ഇതോ ഇതോ എന്ന ഗാനങ്ങൾ ഉപയോഗിച്ചതിനും മൈത്രി മൂവി മേക്കേഴ്‌സിനെതിരെ ഇളയരാജ പരാതി നല്‍കിയിരുന്നു.
അതേസമയം, 30 വർഷം മുമ്പിറങ്ങിയ പാട്ട് ഇപ്പോൾ സിനിമയിൽ ഉപയോഗിച്ചതിനെ ഇളയരാജ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചിരുന്നു. പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത് ഒരു ട്രെന്റ് ആയിട്ടുണ്ടെന്നും അന്നത്തെ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് എൻ. സെന്തിൽകുമാർ പറഞ്ഞു.
പുതിയ സിനിമകളിൽ ഗാനങ്ങൾ പകർപ്പവകാശം നിലനിൽക്കെ നിയമപരമായല്ല ഉപയോഗിച്ചിട്ടുള്ളതെന്ന് ഇളയരാജക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്‍. പ്രഭാകരൻ പറഞ്ഞു. പാട്ടുകൾ മാറ്റിമറിച്ചിട്ടുണ്ട്. അതിനാൽ സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിവാക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് എന്തിനാണ് ഇളയരാജയുടെ പാട്ടുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ സോണി മ്യുസിക്കിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഇവരുടെ അഭിഭാഷകൻ അറിയിച്ചു. നേരത്തെ പകർപ്പവകാശമുണ്ടായിരുന്ന എക്കോ റെക്കോഡിൽ നിന്ന് ഇളയാരജ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയത് സോണി മ്യുസിക് ആണെന്ന് ഇവർ കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

