ജോർജ്കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു
text_fieldsചിത്രത്തിന്‍റെ പൂജ ചടങ്ങിൽ മോഹൻലാൽ
പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത മലയാളം ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. 2013ലാണ് ചിത്രത്തിന്‍റെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിലെതന്നെ മികച്ച ക്രൈം തില്ലറായി ദൃശ്യം മാറിയിരുന്നു. ആരാധകപ്രീതി നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. വലിയ സ്വീകാര്യതയാണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മൂന്നാം ഭാഗത്തിന് ഒരുങ്ങുകയാണ്.
പൂത്തോട്ട ലോ കോളജിലാണ് ആദ്യദിന ഷൂട്ടിങ്. അവിടെവെച്ച് തന്നെയാണ് സിനിമയുടെ പൂജയും. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പൂജക്ക് എത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
'നിങ്ങളെ പോലെ തന്നെ ദൃശ്യം മൂന്നാം ഭാഗം ഒരു നല്ല സിനിമയാകും എന്നാണ് എന്റെയും പ്രതീക്ഷ. സിനിമ ബോക്സ് ഓഫിസിൽ എങ്ങനെ ആയിരിക്കുമെന്നതിനെ കുറിച്ച് എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്. മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷെ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് ഇത് എന്ന് പ്രതീക്ഷിക്കുന്നവർ നിരാശരാകും. ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം- ജീത്തു ജോസഫ് പറഞ്ഞു.
ജോർജുകുട്ടിയെയും കുടുംബത്തെയും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളെയും നിറഞ്ഞ മനസോടെയാണ് മലയാളി പ്രേക്ഷകർ സ്വാഗതം ചെയ്തത്. മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ അവിസ്മരണീയമാക്കിയ ജോർജുകുട്ടിയുടെ വേഷം മലയാളികൾക്ക് ഏറെ പ്രിയപെട്ടതായി മാറി. കഴിഞ്ഞ ദിവസം, ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരത്തിന് അർഹനായതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ മോഹൻലാൽ ദൃശ്യത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

