'ജോർജുകുട്ടിയുടെയും കുടുംബത്തിന്‍റെയും മൂന്നാംവരവ്'; ദൃശ്യം 3 റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ
text_fieldsമലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 3ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമാണിത്.
ചിത്രത്തിലെ നിർണായക ദൃശ്യങ്ങൾ അടങ്ങിയ അനൗൺസ്മെന്‍റ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വീഡിയോക്ക് താഴെ 'വർഷങ്ങൾ കടന്നുപോയി, ഭൂതകാലം കടന്നുപോയില്ല' എന്നും മോഹൻലാൽ കുറിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്.
മോഹൻലാൽ ജോർജ്ജ്കുട്ടി എന്ന ടിവി കേബിൾ ഓപ്പറേറ്ററുടെ വേഷത്തിൽ എത്തുന്ന ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് മാസങ്ങൾക്ക് മുമ്പ് മലയാളം പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഹിന്ദി പതിപ്പ് ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ, ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ അഭിഷേക് പഥക് ആണ്.
ദൃശ്യം 3 കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വയ്ക്കരുതെന്നും ചിത്രത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങൾ വലിയ വിജയമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വർധിക്കുമെന്നും അത് തന്‍റെ മേൽ കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും ജീത്തു ജോസഫ് മുൻപ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

