ബോക്സ് ഓഫീസിൽ കോടികൾ വാരി 'ദൃശ്യം 3'; വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ!
text_fieldsമോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഫാമിലി ത്രില്ലർ ചിത്രം 'ദൃശ്യം 3' ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ദിവസം മുതൽ തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്‍റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇപ്പോൾ റിലീസ് ചെയ്ത് വെറും മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ ചിത്രം ലോകമെമ്പാടുനിന്നുമായി 100 കോടി രൂപയിലധികം കലക്ട് ചെയ്തുകഴിഞ്ഞു.
റിലീസ് ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച കലക്ഷനിൽ നേരിയ കുറവുണ്ടായെങ്കിലും, ശനി, ഞായർ ദിവസങ്ങളായ വാരാന്ത്യത്തിൽ ചിത്രം ശക്തമായി തിരിച്ചുവരികയായിരുന്നു. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം, മൂന്നാം ദിവസം മാത്രം ചിത്രം 13.7 കോടി രൂപയാണ് നേടിയത്. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 40.60 കോടി രൂപയായി ഉയർന്നു. വിദേശ മാർക്കറ്റുകളിലെയും കൂടെ കണക്കുകൾ പുറത്തുവരുമ്പോൾ നിലവിൽ ചിത്രത്തിന്‍റെ ആകെ ആഗോള ഗ്രോസ് കളക്ഷൻ 117.17 കോടി രൂപയിലെത്തി നിൽക്കുകയാണ്.
ചിത്രത്തിന് പ്രേക്ഷകർ നൽകുന്ന ഈ വലിയ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി ദൃശ്യത്തെ നെഞ്ചിലേറ്റുന്നതിന് അദ്ദേഹം ആരാധകർക്ക് നന്ദി പറഞ്ഞു. ജോർജുകുട്ടിയെയും കുടുംബത്തെയും സ്വന്തം കുടുംബത്തെപ്പോലെ കണ്ട പ്രേക്ഷകരുടെ സ്നേഹവും പ്രതികരണങ്ങളും തനിക്ക് കലക്ഷൻ നമ്പറുകളേക്കാൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം തന്‍റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3-ൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

