പ്രീമിയം സിനിമ അനുഭവവുമായി ഡോൾബി സിനിമ ഇന്ത്യയിലും! കേരളത്തിൽ രണ്ട് തിയറ്ററുകൾ
text_fieldsപ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽ.എ സിനിമ, ബെംഗളൂരുവിലെ എ.എം.ബി സിനിമാസ്, കൊച്ചിയിലെ ഇ.വി.എം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ആദ്യത്തെ ആറ് ഓഡിറ്റോറിയങ്ങൾ. ഈ ആറ് തിയറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും.
പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന ബാക്കി എല്ലാ സ്ഥലങ്ങളും ദക്ഷിണേന്ത്യയിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ആദ്യം ഡോള്‍ബിയുടെ അംഗീകാരമുള്ള സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനം ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഡോള്‍ബി അറ്റ്‌മോസും ഡോള്‍ബി വിഷനും ചേര്‍ന്ന് ദൃശ്യ-ശബ്ദ മികവിലൂടെ പ്രീമിയം സിനിമ അനുഭവം സാധ്യമാകുന്ന തിയേറ്ററുകളാണ് ഡോള്‍ബി സിനിമ. ഇതിനായി ഡോള്‍ബി ലബോറട്ടറി അവതരിപ്പിച്ച രണ്ട് സാങ്കേതികവിദ്യകളാണ് അറ്റ്‌മോസും വിഷനും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തിയേറ്ററുകളാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. ഏത് സീറ്റിലിരുന്നാലും ഒപ്റ്റിമൽ വ്യൂ ഉറപ്പാണ്.
ഹൈ ഡയനാമിക് റെയ്ഞ്ച് (എച്ച്.ഡി.ആര്‍) വിഡിയോകള്‍ക്കായുള്ള സാങ്കേതികവിദ്യയാണ് ഡോള്‍ബി വിഷന്‍. ചലച്ചിത്ര നിര്‍മാണം, വിതരണം എന്നിവക്കൊപ്പം പ്ലേബാക്കും ഇതിൽ ഉള്‍പ്പെടുന്നു. 8കെ വരെ റെസല്യൂഷനാണ് ഡോള്‍ബി വിഷനില്‍ സാധ്യമാകുക. 12 ബിറ്റ് കളര്‍ ഡെപ്ത്, 10,000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയും വിഷന്റെ പ്രത്യേകതകളാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, ആപ്പിള്‍ ടി.വി തുടങ്ങിയ മുന്‍നിര സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം ഡോള്‍ബി വിഷനിലുള്ള ചലച്ചിത്രങ്ങളും ടി.വി ഷോകളും ലഭ്യമാക്കുന്നുണ്ട്.
2012-ല്‍ ഡോള്‍ബി ലബോറട്ടറീസ് അവതരിപ്പിച്ച നൂതനമായ സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യയാണ് ഡോള്‍ബി അറ്റ്‌മോസ്. പ്രേക്ഷകരുടെ തലക്ക് മുകളിലും സൗണ്ട് ചാനലുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 3ഡി സറൗണ്ട് ശബ്ദാനുഭവം സാധ്യമാക്കാന്‍ അറ്റ്‌മോസിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

