ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 20 മുതൽ
text_fieldsദോഹ ഫിലിം ഫെസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ നവംബർ 20 മുതൽ കതാറയിൽ ആരംഭിക്കും. 62 രാജ്യങ്ങളിൽനിന്നുള്ള 97 സിനിമകളുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 വരെ ഫിലിം ഫെസ്റ്റിവൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് വിജയികൾക്കായി ലഭിക്കുക. കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്.
ഇതോടനുബന്ധിച്ച് ദോഹയിലുടനീളം വൈവിധ്യമാർന്ന സർഗാത്മക കമ്യൂണിറ്റി പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, പ്രത്യേക സ്ക്രീനിങ്ങുകൾ, സംഗീത പരിപാടികൾ എന്നിവയും ഒരുങ്ങുന്നുണ്ട്.
ഖത്തറിലെ പ്രശസ്ത സംഗീതസംവിധായകനും ഗാനരചയിതാവുമായ ദാന അൽ ഫർദാനാണ് കതാറ സ്റ്റുഡിയോസും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് ഫെസ്റ്റിവലിന്റെ തീം സോങ് രചിച്ചിരിക്കുന്നത്. വരും ഫെസ്റ്റിവലിൽ കൂടുതൽ ഇന്ത്യൻ സിനിമകളെ കൂടി ഉൽപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറും ദോഹ ഫിലിം ഇൻസ്റ്റിറ്റൂട്ട് സി.ഇ.ഒയുമായ ഫാതിമ ഹസൻ അൽ റിമൈഹി പറഞ്ഞു.
കൗതർ ബെൻ ഹാനിയയുടെ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിക്കുക. അർജന്റീന, ചിലി കൾചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ധാരാളം സിനിമകളും കലാപരിപാടികളും ദോഹ ഫിലിം ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. പ്രശസ്ത അർജന്റൈൻ സംഗീതജ്ഞൻ ഗുസ്താവ സാന്റലോലയുടെ സംഗീത പരിപാടിയാണ് ഫെസ്റ്റിവലിന്റെ സംഗീത നിരയിലെ പ്രധാന ആകർഷണം.
കതാറ കൾചറൽ വില്ലേജ്, മിശൈരിബ് ഡൗൺ ടൗൺ ദോഹ, ലുസൈൽ ബൊളെവാർഡ്, മ്യൂസിയം ഓഫ് ഇസ് ലാമിക് ആർട്ട് എന്നിവയുൾപ്പെടെ നിരവധി വേദികളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ കൂടുതൽ വിവരങ്ങൾക്കായി www.dohafilm.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

