ചലച്ചിത്ര വിജയങ്ങളുടെ ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം ഐ.എഫ്.എഫ്.കെ ഓപൺഫോറത്തിൽ വിമർശനം
text_fieldsതിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ‘ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം’ എന്ന ഓപൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി. സ്ത്രീകേന്ദ്രിതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത വിജയമായി സാധാരണവൽക്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സനുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക ഐ.ജി. മിനി, ചലച്ചിത്ര നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
കലാരംഗങ്ങളിലും സൃഷ്ടിപരമായ ഇടങ്ങളിലുമുള്ള സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ പഠിക്കേണ്ടതിന്റെ ആവശ്യകത സംവിധായിക മിനി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരെ പോരാടേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ പറഞ്ഞു.
പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള ആഘോഷവും അംഗീകാരവും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്നില്ലെന്നതും ഫോറത്തിൽ ചർച്ചയായി.
‘ജനപ്രിയ നായകൻ’ പോലുള്ള വിശേഷണങ്ങൾ കൂടുതലായും പുരുഷ അഭിനേതാക്കൾക്ക് മാത്രമായി ഉപയോഗിക്കപ്പെടുന്നതായും ചൂണ്ടിക്കാട്ടി. പുരുഷ-സ്ത്രീ വേതന വ്യത്യാസം സമൂഹത്തിലെ വ്യാപകമായ അസമത്വത്തിന്റെ പ്രതിഫലനമാണെന്ന് ജി. പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.സെഷനിന്റെ ഭാഗമായി ഗവേഷക ഡോ. രേഖ രാജ് രചിച്ച ‘പെൺതിര’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

