ഓസ്കറിൽ ഇന്ത്യക്ക് നിരാശ; 'അനുജ' പുറത്ത്
text_fields97-മത് ഓസ്കർ പുരസ്കാരത്തിൽ ഇന്ത്യക്ക് നിരാശ. ഹിന്ദി ഷോർട്ട് ഫിലിം അനുജ മത്സരത്തിൽ നിന്ന് പുറത്തായി. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു ഇന്ത്യക്ക് നാമനിര്‍ദേശം ഉണ്ടായിരുന്നത്. വിവിധ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയ അനുജക്ക് എന്നാൽ ഓസ്‍കറില്‍ തിളങ്ങാനായില്ല.
'എ ലീൻ' (ഇംഗ്ലീഷ്), 'ഐ ആം നോട്ട് എ റോബോട്ട്' (ഡച്ച്), 'ദി ലാസ്റ്റ് റേഞ്ച'ർ (ഇംഗ്ലീഷ്, ഷോസ), 'ദി മാൻ ഹു കുഡ് നോട്ട് റിമെയിൻ സൈലന്റ്' (ക്രൊയേഷ്യൻ) എന്നിവയാണ് അനൂജക്കൊപ്പം മത്സരിച്ച മറ്റ് ചിത്രങ്ങൾ. 'അയാം നോട്ട് റോബോട്ടി'നാണ് ഈ വിഭാഗത്തില്‍ പുരസ്‍കാരം.
ഹോളിഷോർട്സ് ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഷോർട്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോണ്ട്ക്ലെയർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി പ്രമുഖ ഫിലിംഫെസ്റ്റിവലുകളിൽ പ്രശംസ നേടിയ ഹ്രസ്വചിത്രമാണ് അനുജ. അമേരിക്കൻ ഫിലോസഫറും ഫിലിം മേക്കറുമായ ആദം ജെ ഗ്രേവ്സ് ആണ് അനുജ സംവിധാനം ചെയ്തത്.
സജ്ദ പഥാൻ, അനന്യ ഷൻബാഗ് എന്നിവരാണ് അനുജയിൽ പ്രധാന വേഷം ചെയ്തത്. രണ്ട് സഹോദരിമാരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് അനുജയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന് ഓസ്കർ നോമിനേഷൻ ലഭിച്ച വാർത്ത നേരത്തെ പ്രിയങ്ക സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യയുടെ പ്രതീക്ഷയായി ഈ വർഷം ഓസ്കറിലെത്തിയ രണ്ട് സിനിമകളിലൊന്നാണ് അനുജ. ഇന്ത്യൻ വംശജയായ സ്മൃതി മുന്ധാരയുടെ ഐ ആം റെഡി വാർഡൻ ആയിരുന്നു രണ്ടാമത്തേത്. ഇന്ത്യൻ മാച്ച്മേക്കിംഗ് എന്ന ഹിറ്റ് സീരീസിന് ശേഷം സ്മൃതി മുന്ധാര ഒരുക്കിയ ഡോക്യുമെന്ററിയാണ് ഐ ആം റെഡി വാർഡൻ. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 'നോ അദർ ലാന്റ് വൺ' ആണ് പുരസ്കാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

