സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ
text_fieldsസംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. പനിയും ശരീരിക അസ്വസ്ഥതയെയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച ഒരു സിനിമയുടെ ചർച്ചക്കായി ബൈജു കോഴിക്കോട്ടേക്ക് പോയിരുന്നു. തിരികെ വരുമ്പോൾ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തുടർന്ന് ഭാര്യ വീടായ കുന്നംകുളത്തെത്തി ചികിത്സ നേടിയെങ്കിലും അസുഖം കുറയാത്തതിനെ തുടർന്ന് ഞായറാഴ്ച പറവൂരിലെ വീട്ടിലെത്തി കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ പോയിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.
കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത സജീവമാണ് ബൈജു പറവൂർ. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമയുടെ റിലീസിന് തയാറായി കൊണ്ടിരിക്കവെയാണ് ബൈജുവിന്റെ അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്.

