മുൻകാല ബോളിവുഡ് സൂപ്പർതാരം ദിലീപ് കുമാർ അൽപം ക്ഷീണിതനാണെന്നും അദ്ദേഹത്തിന് വേഗം സുഖപ്പെടാൻ പ്രധർഥിക്കണമെന്നും ഭാര്യ സൈറ ബാനു. അതേസമയം, താരത്തിൻെറ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാധകർ ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിൻെറ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
'അദ്ദേഹത്തിന് സുഖമില്ല. ക്ഷീണിതനാണ്. ഇടക്ക് അദ്ദേഹം ഹാൾ വരെയും തിരികെ മുറി വരെയും നടക്കുന്നുണ്ട്. അദ്ദേഹം സുഖപ്പെടാനായി പ്രാർഥിക്കണം. അദ്ദേഹത്തെ ആരോഗ്യവാനായി നിർത്തുന്ന ഓരോ ദിനത്തിനും ഞങ്ങൾ ദൈവത്തോട് നന്ദി പറയുന്നു' -സൈറ ബാനു മാധ്യമങ്ങളോട് പറഞ്ഞു.
ഈമാസം 11ന് ദിലീപ് കുമാറിൻെറ 98ാം ജന്മദിനമാണ്. കഴിഞ്ഞമാസം ദിലീപ് കുമാറുമൊത്തുള്ള ചിത്രം സൈറ ബാനു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തൻെറ ട്രേഡ്മാർക്കായ വെള്ളകുർത്തയും ഷാളും ധരിച്ചാണ് ദിലീപ് കുമാർ ചിത്രത്തിലുള്ളത്.
1966ലാണ് ദിലീപ് കുമാറും സൈറ ബാനുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. അടുത്തിടെ അദ്ദേഹത്തിൻെറ സഹോദരന്മാരായ ഇഹ്സാൻ ഖാനും അസ്ലം ഖാനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനാൽ തങ്ങളുടെ 54ാം വിവാഹ വാർഷികം ഈ വർഷം ആഘോഷിക്കുന്നില്ലെന്ന് ദമ്പതികൾ ഒക്ടോബറിൽ അറിയിച്ചിരുന്നു.
1944ൽ പുറത്തിറങ്ങിയ 'ജ്വാൽ ഭട്ട'യിലൂടെ സിനിമാരംഗത്തെത്തിയ ദിലീപ് കുമാറിനെ ബോളിവുഡിലെ ആദ്യ 'ലക്ഷണമൊത്ത സൂപ്പർതാരം' ആയിട്ടാണ് വിലയിരുത്തുന്നത്. 1998ൽ പുറത്തിറങ്ങിയ 'ഖില' ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.