'ഡീയസ് ഈറെ' ഇനി തെലുങ്കിലും; റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsപ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ ഹോറർ ചിത്രം ഡീയസ് ഈറെയുടെ തെലുങ്ക് പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ ഏഴിന് തെലുങ്കിൽ റിലീസ് ചെയ്യും. തെലുങ്ക് പതിപ്പിന്റെ ട്രെയിലർ റീലീസായിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി രാഹുൽ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ചിത്രം വലിയ തോതിൽ പോസിറ്റീവ് അവലോകനങ്ങൾ നേടിയിട്ടുണ്ട്. പ്രകടനത്തിനും സാങ്കേതിക മികവിനും പ്രത്യേക പ്രശംസ ലഭിച്ചു. ആഗോള കലക്ഷൻ 50 കോടി കടന്നതായി ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡീയസ് ഇറെ ഒരു തുടർച്ചയുടെ സാധ്യതയോടെയാണ് അവസാനിക്കുന്നതെങ്കിലും രാഹുൽ ഇതുവരെ രണ്ടാം ഭാഗം സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അടുത്ത ചിത്രം മഞ്ജു വാര്യരുമൊത്തുള്ളതാണെന്നും മുൻ സിനിമകളെപ്പോലെ ഇതും ഹൊറർ വിഭാഗത്തിലായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഡീയസ് ഈറെ ആദ്യ ദിനത്തിൽ 4.7 കോടി രൂപ കലക്ഷൻ നേടി. രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വർധനവോടെ 5.75 കോടി രൂപ നേടി. മൂന്നാം ദിനം 6.35 കോടിയും നാലാം ദിനം മൂന്ന് കോടിയും അഞ്ചാം ദിവസം 2.50 കോടിയുമാണ് ഇന്ത്യയിൽ നിന്നുള്ള കലക്ഷൻ. പ്രണവിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും മികച്ച പ്രകടനവുമാണ് ഡീയസ് ഈറെയിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രണവ് മോഹൻ ലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് 'ഡീയസ് ഈറെ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

