പ്രിയത്തിലെ ആ നായികയെ മറന്നോ? അഭിനയ ജീവിതം ഉപേക്ഷിച്ചതിന്‍റെ കാരണം പങ്കുവെച്ച് നടി ദീപ നായർ
text_fieldsദീപ നായർ
ഒറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന മുഖമാണ് പ്രിയം സിനിമയിലെ നായിക ദീപ നായരുടേത്. പ്രിയത്തിന് ശേഷം എന്തുകൊണ്ട് നടിയെ മറ്റു സിനിമകളിൽ ഒന്നും തന്നെ കണ്ടില്ല എന്ന് പലരും സംശയിച്ചിരുന്നു. ഇന്‍റർനെറ്റ് സുലഭമല്ലാതിരുന്ന കാലത്ത് നായികയുടെ അഭിമുഖങ്ങളും ജനങ്ങൾ കണ്ടിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ സുപരിചിതമായ ആ മുഖം വീണ്ടും കണ്ടപ്പോൾ നിരവധി ചോദ്യങ്ങളുമായാണ് ആരാധകർ എത്തുന്നത്.
താൻ പ്രിയം സിനിമയ്ക്ക് ശേഷം സിനിമാ രംഗത്തു നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ദീപ നായർ. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം കാരണം പറഞ്ഞത്. എന്തുകൊണ്ടാണ് താൻ പ്രിയം എന്ന ഒറ്റ സിനിമ കൊണ്ട് അഭിനയം നിർത്തിയത്, പ്രിയത്തിലെ അനുഭവം അത്ര മോശമായിരുന്നതുകൊണ്ടാണോ എന്നൊക്കെയാണ് നടിയോട് പലരും ചോദിച്ചത്. എന്നാൽ അതല്ല കാരണമെന്ന് താരം വെളിപ്പെടുത്തി.
'പ്രിയം സിനിമയുടെ സെറ്റ് അത്രയും അടിപൊളി ആയിരുന്നു. കുട്ടികളുമൊക്കെയായി ഭയങ്കര രസമായിരുന്നു. എന്താണ് സംഭവിച്ചതെന്നുവച്ചാൽ, സിനിമയിലേക്കുള്ള എന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റും. പ്രിയം കഴിഞ്ഞപ്പോൾ രണ്ട് മൂന്ന് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷെ അതൊന്നും എന്റെ എഞ്ചിനീയറിങ് പഠനം കളഞ്ഞുപോയി ചെയ്യാൻ മാത്രം നല്ല കഥാപാത്രങ്ങളായിരുന്നില്ല. അപ്പോൾ, എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ഇനി സിനിമകൾ ചെയ്യാമെന്ന് ഞാനും അച്ഛനും അമ്മയും ചേർന്ന് തീരുമാനമെടുത്തു.
സത്യം പറയാലോ, പഠനം കഴിഞ്ഞ ശേഷം ഒറ്റ ഓഫർ പോലും വന്നില്ല. ഒന്നര ഒന്നേമുക്കാൽ വർഷമായിരുന്നു ഞാൻ ഗ്യാപ്പ് എടുത്തത്. ആ സമയത്തിനുള്ളിൽ എന്റെ പ്രസ്ക്തി നഷ്ടമായി എന്നതാണ് സത്യം. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ സജീവമായ കാലമല്ല അത്. എന്റെ പ്രവർത്തന മേഖലയും സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നില്ല. അങ്ങനെ ആളുകൾ എന്നെ മറന്നുപോയി എന്നതാണ് വസ്തുത. മാത്രമല്ല, ആ സമയത്ത് നവ്യാ നായർ, മീര ജാസ്മിൻ ഭാവന തുടങ്ങിയ നല്ല മിടുക്കികളായിട്ടുള്ള ഒരുപാട് നായികമാർ വന്നു. അപ്പോൾ ഇങ്ങനെയൊരാളുണ്ട് എന്ന കാര്യം തന്നെ ആളുകൾ മറന്നുപോയി. അതാണ് ശരിക്കും സംഭവിച്ചത്.
ഞാൻ പഠിത്തത്തിൽ അത്ര മോശമല്ലാത്തതുകൊണ്ട് എനിക്ക് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പുറത്തു പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ചെയ്യുന്നത്. മാസ്റ്റേഴ്സ് കഴിഞ്ഞയുടനെ ജോലിയും ആരംഭിച്ചു. അങ്ങനെയാണ് സിനിമയിൽ നിന്ന് പൂർണമായി മാറിപ്പോയത്.' നടി വിഡിയോയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

