ബിഗ് ബോസിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം 1000 കോടി; സത്യാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ
text_fieldsബിഗ് ബോസിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുളള കിംവദന്തികൾക്ക് മറുപടിയുമായി സൽമാൻ ഖാൻ. തന്റെ ഫീസിനെ കുറിച്ച് പ്രചരിക്കുന്ന എല്ലാ റിപ്പോർട്ടുകളും വാസ്തവവിരുദ്ധമാണെന്നും 1000 കോടി രൂപ പ്രതിഫലം ലഭിച്ചാൽ ജീവിതത്തിൽ ഒരിക്കലും ജോലി ചെയ്യേണ്ടി വരില്ലെന്നും സൽമാൻ ഖാൻ പറഞ്ഞു. ബിഗ് ബോസ് 16ാം സീസൺ തുടങ്ങുന്നതിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ബിഗ് ബോസിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണ്. എനിക്ക് 1000 കോടി രൂപ പ്രതിഫലം ലഭിച്ചാൽ പിന്നെ ഞാൻ ജോലി ചെയ്യുമെന്ന് തോന്നുന്നില്ല. പിന്നീട് വക്കിലന്മാർക്ക് പണം കൊടുക്കുക തുടങ്ങിയ നിരവധി ചിലവുകളായിരിക്കും. കാരണം വ്യാജ വാർത്തകളെ തുടർന്ന് ഇ.ഡി നോട്ടീസ് അയക്കും'; സൽമാൻ ഖാൻ പറഞ്ഞു.
ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് എല്ലാ വർഷവും ചാനൽ അധികൃതരോട് പറയാറുണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞു. 'ഞാൻ വേഗം പ്രകോപിതനാവുന്നത് കൊണ്ട് ഷോ ഹോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അവർക്ക് മറ്റൊരാളില്ല. വീണ്ടും എന്നിലേക്ക് എത്തും. അവർക്ക് വോറൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ പണ്ടെ എന്നെ മാറ്റുമായിരുന്നു. മറ്റൊരാളെ കിട്ടിയാൽ അവർ എന്നെ തേടി വരില്ല. എനിക്ക് പകരമായി ഒരുപാട് പേരുണ്ട്'; സൽമാൻ വ്യക്തമാക്കി
ബിഗ് ബോസ് ഷോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചെന്നും സൽമാൻ കൂട്ടിച്ചേർത്തു. ഒക്ടോബർ 16നാണ് ബിഗ് ബോസ് സീസൺ 16 ആരംഭിക്കുന്നത്.

