2025 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി 'ധുരന്ധർ'
text_fieldsആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമായ 'ധുരന്ധർ' ലോകമെമ്പാടുമുള്ള ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. രൺവീർ സിങ്ങ്, സാറ അർജുൻ, അക്ഷയ് ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വെറും 18 ദിവസത്തിനുള്ളിലാണ് 900 കോടി ക്ലബ്ബിൽ ഇടം നേടിയത്. ബോക്സ് ഓഫിസ് ഹിറ്റുകളായ കാന്താര, സ്ത്രീ 2, ബാഹുബലി 2 എന്നിവയുടെ ആഗോള കലക്ഷനെ മറികടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദേശ ബോക്സ് ഓഫിസിൽ നിന്നും 193.40 കോടിയാണ് ചിത്രം നേടിയത്.
കൂലി (180.50 കോടി) ,സയാര (172.2 കോടി) എന്നീ ചിത്രങ്ങളെ മറികടന്ന് 2025-ൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. ചിത്രം ഇപ്പോൾ വിദേശ ബോക്സ് ഓഫിസിൽ 200 കോടി ക്ലബ്ബിലേക്ക് നീങ്ങുകയാണ്. നിലവിൽ വിദേശത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രൺബീർ കപൂർ ചിത്രം ആനിമൽ (257 കോടി) മാത്രമാണ് ധുരന്ധറിന്‍റെ മുന്നിലുളളത്.
ലോകമെമ്പാടുമായി 900 കോടി കടന്നു
2025 ലെ ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റ് സമ്മാനിച്ച ഋഷഭ് ഷെട്ടിയുടെ കാന്താര പരമ്പരയിലെ കാന്താര ചാപ്റ്റർ 1 നെ ധുരന്ധർ മറികടന്നു. കാന്താര ചാപ്റ്റർ 1 വേൾഡ് വൈഡായി നേടിയിരുന്നത് 845.44 കോടി രൂപയായിരുന്നു. എന്നാൽ രൺവീർ സിങ്ങ് ചിത്രം 900.10 കോടി കലക്ഷൻ നേടിയതോടെ ഇതിനെ മറികടന്നു. ആഭ്യന്തര വിപണിയിൽ നിന്ന് ഇതുവരെ 706.70 കോടിയാണ് ചിത്രം നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വേൾഡ് വൈഡായി മികച്ച കലക്ഷൻ സ്വന്തമാക്കിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിന്നും സ്‌ത്രി 2, ബാഹുബലി 2 എന്നിവയെ ചിത്രം മറികടന്നിരുന്നു. ലോകമെമ്പാടുമുള്ള ബോക്സ് ഓഫിസിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ എട്ടാമത്തെ ഹിന്ദി ചിത്രമാണിത്.
പാക്കിസ്ഥാനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന റോ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐ.എസ്.ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

