കൊടുങ്കാറ്റായി ധുരന്ധർ, തരംഗം തീർത്ത് ആട്; തിയറ്ററിലേക്ക് ആരാധകരുടെ കുത്തൊഴുക്ക്
text_fieldsരൺവീർ സിങും ജയസൂര്യയും
ഒരേ ദിവസം തിയറ്ററിലെത്തി മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് മലയാള ചിത്രമായ ആട് 3യും ബോളിവുഡ് ചിത്രം ധുരന്ധറും. പെരുന്നാൾ പ്രമാണിച്ച് തിയറ്ററുകളിൽ വലിയ തിരക്കാണ് രാവിലെ മുതൽ കണ്ടുവരുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു രണ്ടും. ആഗോളതലത്തിൽ റിലീസ് ചെയ്ത ധുരന്ധർ വളരെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന വണ്ണം ആദ്യഭാഗം പരാജയമായ ആട്, രണ്ടാം ഭാഗത്തിൽ വിജയം കൊയ്യുകയും മൂന്നാം ഭാഗത്തിൽ തരംഗമാവുകയും ചെയ്തു.
രൺവീർ സിങ് നായകനായ ധുരന്ധറിന്റെ അഡ്വാൻസ് ബുക്കിങ് റിപ്പോർട്ടുകൾ അവിശ്വസനീയമായിരുന്നു. ആദ്യ ദിനം തന്നെ 50 കോടി രൂപയിലധികം അഡ്വാൻസ് ഗ്രോസ് നേടി. മാർച്ച് 19ന് വെറും അരദിവസം കൊണ്ട് 30 കോടി എന്ന കടമ്പ ചിത്രം കടന്നിരിക്കുകയാണ്. മൂന്നു മാസം മുമ്പ് റിലീസ് ചെയ്ത 'ധുരന്ധർ' എന്ന ആദ്യ ഭാഗത്തിന്റെ ആകെ ഓപ്പണിങ് കലക്ഷൻ (28.60 കോടി) ഇതോടെ 'ധുരന്ധർ 2' മറികടന്നിരിക്കുകയാണ്. സാക്നിൽകിന്റെ കണക്കുകൾ പ്രകാരം 33 കോടി രൂപയാണ് അരദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്. ചിത്രം ആദ്യ ഭാഗത്തെക്കാൾ ഗംഭീരമാണെന്നാണ് പൊതുവെ ലഭിക്കുന്ന പ്രതികരണം. പല പ്രമുഖ താരങ്ങളും ഇതിനകം രൺവീറിന്‍റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്.
മലയാളത്തിൽ ഏറെ ആരാധകരുള്ള സിനിമ കഥാപാത്രമാണ് ഷാജി പാപ്പൻ. ആദ്യ ഒന്നും രണ്ടും ഭാഗങ്ങൾ ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളാണ്. ഇപ്പോഴിതാ മൂന്നാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാലും സമ്മിശ്ര പ്രതികരണങ്ങളും വരുന്നുണ്ട്. 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന് പേരു നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷോ കഴിഞ്ഞപ്പപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്. മണിക്കൂറിൽ 20,000ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റു പോകുന്ന നാലാമത്തെ മലയാള ചിത്രം എന്ന നേട്ടമാണ് ആട് 3 സ്വന്തമാക്കിയിരിക്കുന്നത്. 23,000ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈഷോയിലൂടെ ഈ ചിത്രത്തിന്റേതായി വിറ്റു പോയത്. പ്രതീക്ഷകൾക്കപ്പുറം അമ്പരപ്പിക്കുന്ന തിയറ്റർ അനുഭവമാണ് ചിത്രം നൽകുന്നത്. സസ്പൻസോടെ നിർത്തുന്ന ആദ്യ പാർട്ടിനുശേഷം ഇനി ചിത്രത്തിന്‍റെ രണ്ടാം ഭാഗവും പുറത്തുവരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

